Advertisement

പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ്ബിഐയും എച്ച്ഡിഎഫ്‌സി ബാങ്കും; ഇത് സ്ഥിര നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സമയമോ?

January 17, 2022
1 minute Read

എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ നിരക്കുയര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷം സ്ഥിരനിക്ഷേപകര്‍ക്ക് അനുകൂല കാലാവസ്ഥ ഒരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും. ഒരു വര്‍ഷത്തിനുമേലും രണ്ട് വര്‍ഷത്തിനിടെയും കാലാവധിയുള്ള രണ്ട് കോടി രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ നിരക്ക് 10 ബേസിസ് പോയിന്റാണ് എസ്ബിഐ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇത് 0.10 ശതമാനം വരും. ജനുവരി 15 മുതല്‍ പലിശ നിരക്കിലെ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്തിയെന്നാണ് എസ്ബിഐ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി മാസങ്ങള്‍ക്കുശേഷമാണ് ബാങ്കുകളുടെ ഈ സുപ്രധാന നീക്കം. ഇതിന് മുന്‍പ് കഴിഞ്ഞ വര്‍ഷം ജനുവരി 8നാണ് അവസാനമായി എസ്ബിഐ പലിശനിരക്കുകളില്‍ മാറ്റം വരുന്നത്. കഴിഞ്ഞ ഡിസംബറില്‍ അടിസ്ഥാന പലിശ നിരക്ക് 10 ബേസിസ് പോയിന്റ് ഉയര്‍ത്തുമെന്ന് എസ്ബിഐ വെബ്‌സൈറ്റിലൂടെ പ്രഖ്യാപിച്ചിരുന്നു.

Read Also : പണപ്പെരുപ്പം കുറഞ്ഞു; നിരക്ക് 13.56 ശതമാനത്തിലെത്തി

ഒരു വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനുമിടയില്‍ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് മുന്‍പ് അഞ്ച് ശതമാനമായിരുന്നു പലിശ ലഭിച്ചിരുന്നത്. നിരക്ക് വര്‍ധിപ്പിച്ചശേഷം ഇത് 5.1 ശതമാനമായി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിച്ചുവന്നിരുന്ന 5.5 ശതമാനം പലിശനിരക്ക് ഇപ്പോള്‍ 5.6 ശതമാനമായിട്ടുമുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് എച്ച്ഡിഎഫ്‌സി ബാങ്ക് തെരഞ്ഞെടുത്ത നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിരക്കുകളില്‍ 5 മുതല്‍ 10 ബേസിസ് പോയിന്റുകളുടെ വര്‍ധനയുണ്ടായെന്നാണ് പ്രഖ്യാപനം. ജനുവരി 12 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നതായി എച്ചഡിഎഫ്‌സി ഉപഭോക്താക്കളെ എസ്എംഎസിലൂടെ അറിയിച്ചിരുന്നു. 20 വര്‍ഷത്തോളമായി വളരെ കുറഞ്ഞ പലിശ നിരക്ക് ലഭിച്ചുവരുന്ന ഇന്ത്യന്‍ നിക്ഷേപരെ സംബന്ധിച്ചിടത്തോളം ബാങ്കുകളുടെ തീരുമാനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

Story Highlights:

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement