‘പ്രധാനമന്ത്രി പറഞ്ഞത് അതൊക്കെ വ്യക്തിപരമാണെന്നാണ്’; മാസ്ക് ധരിക്കാൻ വിസമ്മതിച്ച് കർണാടക മന്ത്രി

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കർണാടക മന്ത്രി ഉമേഷ് കട്ടി. ഭക്ഷ്യമന്ത്രിയായ ഉമേഷ് കട്ടി മാസ്ക് ധരിക്കാനാണ് വിസമ്മതിച്ചത്. മാസ്ക് ധരിക്കൽ വ്യക്തിപരമായ കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്ന അവകാശവാദമുയർത്തിയാണ് മന്ത്രി കൊവിഡ് മാനദണ്ഡം ലംഘിച്ചത്. തിങ്കളാഴ്ച 27,156 പേർക്കാണ് കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 14 പേർ മരിച്ചു. 2,17,297 കേസുകളാണ് നിലവിൽ കർണാടകയിലുള്ളത്.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതർ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,38,018 പേർക്കാണ്. 310 മരണവും റിപ്പോർട്ട് ചെയ്തു. 14.43 % ആണ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് കേസ് കഴിഞ്ഞ ദിവസത്തേക്കാൾ ഏഴ് ശതമാനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.22 % ശതമാനവും കുറഞ്ഞു.
8891 പേർക്കാണ് ഇതുവരെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹി, മഹാരാഷ്ട്ര ,ബംഗാൾ സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു. കൊൽക്കത്തയിൽ പ്രതിദിന രോഗികൾ 1800 ആയതോടെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. അതിനിടെ, 12 മുതൽ 14 വരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷൻ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്ത് കേരളമാണ്. 33.07 ശതമാനമായി സംസ്ഥാനത്തെ ടി.പി.ആർ കുതിച്ചുയർന്നു. ടി.പി.ആർ ഏറ്റവും കൂടുതൽ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65 ശതമാനത്തിൽ തുടരുമ്പോഴാണ് കേരളത്തിൽ ടി.പി.ആർ ദിനംപ്രതി കുതിക്കുന്നത്.
Story Highlights : Karnataka minister refuses to wear mask
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here