Advertisement

യുപിയില്‍ ബിജെപി- അപ്‌നാ ദള്‍- നിഷാദ് പാര്‍ട്ടി സഖ്യം; 403 സീറ്റുകളില്‍ മത്സരിക്കും

January 19, 2022
Google News 2 minutes Read

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 403 സീറ്റുകളില്‍ മത്സരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാനായി അപ്‌നാ ദള്‍, നിഷാദ് പാര്‍ട്ടി എന്നിവയുമായി സഖ്യം ചേരും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അപ്‌നാ ദള്‍ പാര്‍ട്ടിയുമായും നിഷാദ് പാര്‍ട്ടിയുമായും ബിജെപി രണ്ട് ദിവസമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നുവെന്നും നദ്ദ പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കി.

യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വാനോളം പുകഴ്ത്തിക്കൊണ്ടായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹത്തോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശിന്റെ വികസനത്തിനായി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പ്രവര്‍ത്തിച്ചതായി നദ്ദ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ മാഫിയ പ്രവര്‍ത്തനങ്ങളും ഗുണ്ടായിസവും വളരാനുള്ള അന്തരീക്ഷം ഒരുക്കിയിരുന്നു. എന്നാല്‍ യോഗി സര്‍ക്കാരിന്റെ വരവോടെ സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also : ഉത്തരാഖണ്ഡ് തെരഞ്ഞടുപ്പ്; ബിജെപിയിലേക്ക് പോയ ഹരാക് സിംഗ് റാവത്ത് തിരികെ കോൺഗ്രസിലേക്ക്

ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക. ഭരണത്തിലിരിക്കുന്ന ബിജെപിയെ നേരിടാന്‍ ശക്തമായ പടയൊരുക്കം നടത്തുകയാണ് സമാജ്വാദി പാര്‍ട്ടി.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവിന്റെ ഇളയ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നത് സമാജ് വാദി പാര്‍ട്ടിക്ക് തിരിച്ചടിയായി. ബിജെപിയിലെത്തിയാല്‍ സീറ്റ് നല്‍കാമെന്ന് അപര്‍ണക്ക് പാര്‍ട്ടി വാഗ്ദാനം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയില്‍ നിന്നും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറിയതിന് തൊട്ടുപിന്നാലെയാണ് എസ്പിയെ ഞെട്ടിച്ചുകൊണ്ട് അപര്‍ണ ബിജെപിയിലെത്തുന്നത്. ബിജെപി നേതൃത്വത്തോടുള്ള എതിര്‍പ്പ് പരസ്യമാക്കി യോഗി മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും എട്ട് എംഎല്‍എമാരും രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ദളിത്, ഒബിസി വിഭാഗങ്ങളോട് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കടുത്ത അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ജനപ്രതിനിധികളുടെ രാജി.

Story Highlights : NDA will contest in 403 seats in UP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here