സുരേഷ് ഗോപി എംപിക്ക് കൊവിഡ്

സുരേഷ് ഗോപി എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ പനിക്ക് പുറമെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അദ്ദേഹം അറിയിച്ചു. ( suresh gopi tests covid positive )
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞാൻ നിലവിൽ ഐസൊലേഷനിലാണ്. സ്വയം ക്വാറന്റീൻ ചെയ്തു. ചെറിയ പനി മാത്രമാണ് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. ഈ അവസരത്തിൽ, എല്ലാവരോടും സാമൂഹിക അകലം പാലിക്കാനും ആൾക്കൂട്ടത്തിൽ നിന്ന് അകലം പാലിക്കാനും അഭ്യർത്ഥിക്കുന്നു. നിങ്ങൾ സുരക്ഷിതരായിരിക്കുന്നതിനൊപ്പം മറ്റുള്ളവരെ സുരക്ഷിതരാക്കാനുള്ള ഹൃദയവും വേണം.
കഴിഞ്ഞ ദിവസം മമ്മൂട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സിബിഐ ഡയറിക്കുറിപ്പ് അഞ്ചാം പതിപ്പിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
പനിയെത്തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡാണെന്ന് കണ്ടെത്തിയത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിബിഐ അഞ്ചിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
Read Also : ഫെബ്രുവരി 15 ന് ഉള്ളിൽ കൊവിഡ് തീവ്രവ്യാപനം; അടുത്ത ഒരുമാസം നിർണായകം
അതേസമയം, സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാൽ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി. ഒമിക്രോൺ ബാധിച്ച 17% പേരിൽ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി.
ഡെൽറ്റയെക്കാൾ വ്യാപനം കൂടുതലുള്ള വകഭേദമാണ് ഒമിക്രോൺ. കേരളത്തിൽ ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വ്യാപനമാണ് ഒമിക്രോണിന്. വിദേശ രാജ്യങ്ങളിൽ അഞ്ച് മുതൽ ആറിരട്ടി വരെ വ്യാപനമുണ്ട്. അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ഈ ഘട്ടത്തിൽ N95 അല്ലെങ്കിൽ ഡബിൾ മാസ്ക് തന്നെ ധരിക്കണമെന്ന് മന്ത്രി ആവർത്തിച്ചു. കണ്ണിന് കാണാൻ സാധിക്കാത്ത ചെറിയ ഡ്രോപ്ലെറ്റ്സിൽ നിന്ന് പോലും വൈറസ് പടർന്ന് പിടിക്കുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും, കൈകൾ സാനിറ്റൈസർ ഉപയോഗിച്ചോ, സോപ്പും വെള്ളവും ഉപയോഗിച്ചോ വൃത്തിയാക്കണമെന്ന് മന്ത്രി പറയുന്നു.
Story Highlights : suresh gopi tests covid positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here