Advertisement

രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍; സിപിഐഎം സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് ജില്ലാ നേതൃത്വം; സിപിഐയിലും ചേരിപ്പോര്

January 20, 2022
Google News 2 minutes Read

രവീന്ദ്രന്‍ പട്ടയം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവിനെച്ചൊല്ലി ഇടതുമുന്നണിയില്‍ ചേരിപ്പോര്. ഉത്തരവിനെ വിമര്‍ശിച്ച് മുന്‍ മന്ത്രി എം എം മണിയും ഇടുക്കി സിപിഐഎം ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. പാര്‍ട്ടി ഓഫീസിലേക്ക് വന്നാല്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ജില്ലാ ഘടകം കടുത്ത ഭാഷയില്‍ താക്കീത് നല്‍കി. എന്നാല്‍ ഇവരുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. 2019ല്‍ മന്ത്രിസഭയാണ് രവീന്ദ്രന്‍ പട്ടയം റദ്ദാക്കലില്‍ തീരുമാനം എടുത്തത് എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.

പട്ടയവുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നാണ് എം എം മണി പ്രതികരിച്ചത്. എന്നാല്‍ പട്ടയം റദ്ദാക്കാനുള്ള തീരുമാനം മണി കൂടി ഉള്‍പ്പെട്ട ക്യാബിനറ്റിന്റേതായിരുന്നുവെന്നാണ് സിപിഐഎം നേതൃത്വം പറയുന്നത്. ഇടുക്കി ജില്ലയിലെ സിപിഐഎമ്മിന്റേയും സിപിഐയുടേയും ആശങ്കകള്‍ പരിഹരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പട്ടയം റദ്ദാക്കിയതിന്റെ ഭാഗമായി ആരേയും ഒഴിപ്പിക്കില്ല. പട്ടയം നിയമാനുസൃതമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തുകയാണെന്നും കോടിയേരി വിശദീകരിച്ചു.

Read Also : രവീന്ദ്രൻ പട്ടയം റദ്ദാക്കൽ; സർക്കാർ ഉത്തരവ് തള്ളി മുൻ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ

റവന്യൂ വകുപ്പിന്റെ ഉത്തരവിനെച്ചൊല്ലി സിപിഐയിലും ചേരിപ്പോര് കനക്കുന്നുണ്ട്. ഉത്തരവിനെതിരെ പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ റവന്യൂ വകുപ്പിന്റെ നടപടിയെ പരിപൂര്‍ണമായി പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. മുന്നണി തീരുമാനപ്രകാരം തന്നെയാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയതെന്നാണ് സിപിഐയുടെ പ്രസ്താവന.

ഇതിനിടെ എം എം മണിയുടെ നിലപാടിനെ പിന്തുണച്ച് മുന്‍ റവന്യൂ മന്ത്രി കെ ഇ ഇസ്മയില്‍ രംഗത്തെത്തി. പട്ടയം നല്‍കിയതിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും, വിഎസിന്റെ മൂന്നാര്‍ ഓപ്പറേഷന്‍ തെറ്റായിരുന്നുവെന്നും മുന്‍ മന്ത്രി പറയുന്നു. പാര്‍ട്ടി ഓഫീസ് പൊളിക്കാന്‍ വന്നാല്‍ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണെന്നും കെ ഇ ഇസ്മായില്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ മൂന്നാര്‍ ഓപ്പറേഷന്‍ തെറ്റായിരുന്നുവെന്ന് എല്‍ഡിഎഫ് വിലയിരുത്തിയതാണ്. വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : Uncertainty inside ldf on raveendran pattayam cancellation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here