Advertisement

18വയസിന് മുകളില്‍ പ്രായമുള്ള 100% പേര്‍ക്ക് വാക്‌സിന്‍ നല്‍കി കേരളം; രണ്ടാം ഡോസ് 83%പേര്‍ക്ക്

January 21, 2022
Google News 2 minutes Read
kerala COVID vaccination

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2,67,09,000 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. സമ്പൂര്‍ണ വാക്സിനേഷന്‍ 83 ശതമാനവും പിന്നിട്ടു(2,21,77,950). കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം (2,91,271) പേര്‍ക്ക് വാക്സിന്‍ നല്‍കി. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേര്‍ക്ക് (9,25,722) വാക്സിന്‍ നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്സിനേഷനാണ് ഇതിനോടകം പൂര്‍ത്തിയാക്കിയത്.

കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് നടത്തിയാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയായി 2,67,09,000 ആണ് കേന്ദ്രം കണക്കാക്കി അനുവദിച്ചിരുന്നത്. വാക്‌സിനേഷന്‍ ഇനിയും എടുക്കാത്തവരുണ്ടെങ്കില്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം.

‘രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്സിന്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ വാക്സിന്‍ നല്‍കുന്നതിതിനായി പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്സിനേഷനായി രജിസ്ട്രേഷന്‍ നടത്താനറിയാത്തവര്‍ക്ക് കൂടി വാക്സിന്‍ നല്‍കാനായി, വാക്സിന്‍ സമത്വത്തിനായി വേവ് ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഒപ്പം ഗര്‍ഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്‍, സ്‌കൂളുകളിലെ വാക്സിനേഷന്‍ എന്നിവയും നടപ്പിലാക്കി’.മന്ത്രി വിശദീകരിച്ചു.

Read Also : കാസര്‍ഗോഡ് കൊവിഡ് നിയന്ത്രണം; ഉത്തരവ് പിന്‍വലിച്ചതിനെതിരെ പൊതുതാത്പര്യ ഹര്‍ജി

അതേസമയം കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തുകയും വേഗത്തില്‍ സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. അഞ്ച് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. രാഷ്ട്രീയകക്ഷി ഭേദമില്ലാതെ എല്ലാവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights : kerala covid vaccination, veena george

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here