Advertisement

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു : ഇന്റലിജൻസ് നിരീക്ഷണം

January 22, 2022
2 minutes Read
intelligence report against dileep
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഇന്റലിജൻസ് നിരീക്ഷണം. പ്രോസിക്യൂഷനെ അട്ടിമറിക്കാനും, സാക്ഷികളെ കൂറുമാറ്റാനും ശ്രമം നടന്നു. രഹസ്യാന്വേഷണ മേധാവി റിപ്പോർട്ട് സർക്കാരിന് കൈമാറിയതായാണ് സൂചന. ( intelligence report against dileep )

കേസിൽ കൃത്യമായ നിരീക്ഷണം വേണെന്ന് സർക്കാർ നിലപാടെടുത്തിരുന്നു. ഇതിന്റെ ഭാ​ഗമായി കേസിൽ ഇന്റലിജൻസ് നിരീക്ഷണം നടക്കുന്നുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് സമാന്തരമായി തന്നെ കേസിൽ വീഴിചയോ അട്ടിമറി സംഭവിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയായിരുന്നു ഇന്റലിജൻസ് വിഭാ​ഗം. പ്രോസിക്യൂഷൻ നടപടികൾ, സാക്ഷികളെ കൂറുമാറ്റൽ തുടങ്ങിയ കാര്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് വിശദമായ റിപ്പോർട്ടാണ് സർക്കാരിന് കൈമാറിയിരിക്കുന്നത്.

പണവും സ്വാധീനവും ഉപയോ​ഗിച്ച് കേസ് അട്ടിമറിക്കപ്പെടുന്നു എന്ന് തന്നെയാണ് ഇന്റലിജൻസിന്റെ പ്രാഥമിക നി​ഗമനം. കോടതി വളപ്പിനകത്ത് വച്ചുപോലും കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം, ​നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതികൾക്ക് നോട്ടിസ് നൽകി. ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയത്.

Read Also : ‘കൈ വെട്ടണമെന്ന് പറയുന്നത് എങ്ങനെ ശാപവാക്കാകും ‘? ദിലീപിന്റേത് ഭീഷണി തന്നെയെന്ന് ആവർത്തിച്ച് ബാലചന്ദ്രകുമാർ

അഞ്ച് പ്രതികൾക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യൽ അന്വേഷണ സംഘം വിഡിയോയിൽ ചിത്രീകരിക്കും. ശരത് ജി നായരെയും ചോദ്യം ചെയ്യും. എന്നാൽ സാക്ഷിയായാകും വിളിച്ചുവരുത്തുക. ശരത് ജി നായർക്ക് നോട്ടിസ് നൽകാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഫോണിൽ ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ചത്.

ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കിയത് പണമിടപാട് രേഖകളാണ്. ദിലീപിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ഡിജിറ്റൽ വൗച്ചർ കണ്ടെടുത്തത്. പലതവണ ദിലീപ് അന്വേഷണ ഉദ്യോ​ഗസ്ഥരെ വകവരുത്തുമെന്ന പറഞ്ഞതിന്റെ ഡിജിറ്റൽ തെളിവുകളും ക്രൈംബ്രാഞ്ച് ഹാജരാക്കിയെന്നാണ് സൂചന.

കൃത്യമായി ​ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കാവുന്ന തെളിവുകളാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്. പണമിടപാടിന്റെ നിർണായക രേഖയാണ് ക്രൈംബ്രാഞ്ചിന് കോടതിക്ക് കൈമാറാൻ കഴിഞ്ഞത്. മൂന്ന് തവണ മുന് സ്ഥലങ്ങളിൽ വച്ച് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വക വരുത്തുമെന്നും പറഞ്ഞതിനും ഡിജിറ്റൽ തെളിവുണ്ട്. ഈ തെളിവുകളും ക്രൈയംബ്രാഞ്ച് കോടതിയിൽ കൈമാറി.

എന്നാൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തെളിവുകൾ അപര്യാപ്തമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രതികൾ കുറ്റകൃത്യം ചെയ്തതായി ലഭ്യമായ തെളിവുകളിൽ വ്യക്തമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. നിലവിൽ പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്ന് തോന്നുന്നില്ലെന്നും ദിലീപിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മുദ്രവച്ച കവറിൽ ലഭിച്ച തെളിവുകളിൽ വിശദമായ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ മാസം 27 വരെയാണ് പ്രതി ദിലീപിന്റെ അറസ്റ്റ് കോടതി തടഞ്ഞത്. എന്നാൽ അന്വേഷണത്തെ സ്വാധീനിച്ചാൽ അറസ്റ്റിൽ നിന്നുള്ള സംരക്ഷണം റദ്ദാക്കുമെന്ന് കോടതി അറിയിച്ചു.

ദിലീപ്‍ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 8 മണി വരെ ദിലീപിനെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നൽകിയത്. ദിലീപിനൊപ്പം കേസിലെ മറ്റ് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. ഇതിനുശേഷം ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും.

Story Highlights : intelligence report against dileep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement