ദിലീപിനെതിരായ കേസ്; പ്രതികളിലൊരാള്‍ മാപ്പുസാക്ഷിയായേക്കുമെന്ന് സൂചന

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ ഗൂഢാലോചന സ്ഥിരീകരിച്ചതായി പൊലീസ്. പ്രതികളില്‍ ഒരാള്‍ ഗൂഢാലോചന സ്ഥിരീകരിച്ചതായി സൂചനയുണ്ട്. കേസിലെ അഞ്ച് പ്രതികളില്‍ ഒരാളെ മാപ്പുസാക്ഷിയാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുകയാണെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കേസിന്റ ഗൗരവം അന്വേഷണസംഘം പ്രതിയോട് വിശദീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചന കേസിലെ പ്രതികള്‍ നടിയെ ആക്രമിച്ച കേസിലും ഉള്‍പ്പെടുമെന്ന് പൊലീസ് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ടെന്നാണ് വിവരം. ദൃശ്യങ്ങള്‍ പരസ്പരം കൈമാറിയ കേസിലും പ്രതിചേര്‍ക്കുമെന്ന് അന്വേഷണസംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കി അന്വേഷണസംഘം ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും. ദീലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ആദ്യ ദിവസത്തെ മൊഴിയിലെ വൈരുധ്യങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ക്രൈം ബ്രാഞ്ചിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍. പ്രതികളുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികളെ ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജില്‍ നിന്ന് കൂടുതല്‍ മൊഴി വിവരങ്ങള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സുരാജ് നടത്തിയ പണം ഇടപാടുകള്‍ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലും ഇന്ന് ഉണ്ടാകും.
ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയതായി ദിലീപ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ആദ്യഘട്ടത്തില്‍ തന്നെ മൊഴി നല്‍കി. എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പ്രതികളെ വേര്‍തിരിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യലില്‍ എഡിജിപി എസ്.ശ്രീജിത്തും ഐജി ഗോപേഷ് അഗര്‍വാളും പങ്കെടുത്തു. ഗൂഢാലോചന കേസില്‍ സത്യം പുറത്തുകൊണ്ടുവരുമെന്നും മൊഴി പരിശോധിച്ച ശേഷം തുടര്‍ നടപടികളെടുക്കുമെന്നും എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
രാത്രി 8 മണിവരെയാണ് ദിലീപിനെ ചോദ്യം ചെയ്തത്. കോടതി വിധി പ്രകാരം രാവിലെ 9 മണി മുതല്‍ രാത്രി എട്ട് മണിവരെയായിരുന്നു ദിലീപിനെ ചോദ്യം ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്. ദിലീപിനെ വിട്ടയച്ചതിന് പിന്നാലെ പൊലീസ് വിഡിയോ കോണ്‍ഫറന്‍സിലൂടെ അവലോകന യോഗം ചേര്‍ന്നു. പ്രതികള്‍ പറഞ്ഞ മൊഴികള്‍ ഒത്തുനോക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നടന്നത്. ചോദ്യാവലിയിലെ എല്ലാ ചോദ്യങ്ങള്‍ക്കും പ്രതികള്‍ മറുപടി നല്‍കിയെന്നാണ് വിവരം. എന്നാല്‍ ഉത്തരങ്ങളിലെ വിശ്വാസ്യത പൊലീസ് പരിശേധിക്കും.
Story Highlights : crime branch interrogation dileep case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here