Advertisement

സുകുമാര്‍ അഴീക്കോടിന്റെ ഓർമകൾക്ക് പത്ത് വയസ്

January 24, 2022
Google News 2 minutes Read
sukumar azheekode death anniversary

സുകുമാര്‍ അഴീക്കോട് വിടവാങ്ങിയിട്ട് പത്ത് വര്‍ഷം. സാഹിത്യ വിമര്‍ശകന്‍, തത്വചിന്തകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍ എന്നീ നിലകളിലെല്ലാം പ്രഗത്ഭനായിരുന്നെങ്കിലും പ്രഭാഷണമായിരുന്നു അഴീക്കോടിന് ജീവന്‍. ( sukumar azheekode death anniversary )

വാക്കായിരുന്നു സുകുമാര്‍ അഴീക്കോടിന് എല്ലാം. വാക്കിനെ ഇത്രമേല്‍ പ്രണയിച്ച മറ്റൊരു മലയാളി ഉണ്ടാകില്ല. കാന്തത്തോട് ഇരുമ്പുപൊടി പറ്റിപ്പിടിക്കുന്നതു പോലെയാണ് പ്രസംഗത്തോട് ഒട്ടിപ്പിടിച്ചതെന്ന് അഴീക്കോട് ആത്മകഥയിലെഴുതിയിട്ടുണ്ട്. പ്രഭാഷണം നന്നാകണമെങ്കില്‍ ശബ്ദഭാഷയും ശരീരഭാഷയും മാത്രം നന്നായാല്‍ പോര, ആത്മാവിന്റെ ഭാഷ കൂടി നന്നാകണമെന്ന് സുകുമാര്‍ അഴീക്കോട് പഠിച്ചത് ശ്രീനാരായണ ഗുരുദേവനില്‍ നിന്നാണ്.

ഗാന്ധിജിയായിരുന്നു അഴീക്കോടിന്റെ ആത്മാവില്‍ തൊട്ട സ്വാധീനം. അത് ജീവിതാവസാനം വരെ തുടര്‍ന്നു. മെല്ലെ തുടങ്ങി, പല താളത്തില്‍, പല കാലങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രഭാഷണങ്ങള്‍. വിഷയത്തിന്റെ ഗൗരവമനുസരിച്ചാണ് അഴീക്കോട് ശബ്ദം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുക.

ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്വമസിയാണ് സുകുമാര്‍ അഴീക്കോടിന്റെ മാസ്റ്റര്‍പീസ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ് തുടങ്ങി പന്ത്രണ്ടോളം പുരസ്‌കാരങ്ങള്‍ ലഭിച്ച തത്വമസിയുടെ ഇരുപതിലധികം പതിപ്പുകളാണ് പുറത്തിറങ്ങിയത്.

Read Also : അറിയാം കേരളത്തെ വായിക്കാന്‍ പഠിപ്പിച്ച പിഎന്‍ പണിക്കരെ

കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ അടിസ്ഥാനപ്പെടുത്തിയെഴുതിയ ആശാന്റെ സീതാകാവ്യം ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി എഴുതപ്പെടുന്ന ആദ്യത്തെ സമഗ്രപഠനമാണ്. ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, രമണനും മലയാള കവിതയും, ഗുരുവിന്റെ ദു:ഖം തുടങ്ങി മൊത്തം മുപ്പത്തഞ്ചോളം കൃതികള്‍ അഴീക്കോടിന്റേതായുണ്ട്.

ആറ് പതീറ്റാണ്ടോളം വാക്കിന്റെ മാസ്മരികതയില്‍ മലയാളികളെ കുരുക്കിയിട്ട സുകുമാര്‍ അഴീക്കോട് 2012 ജനുവരി 24ന് അതേ വാക്കുകള്‍ ഉപസംഹരിച്ചപ്പോള്‍ കാലം കണ്ണീരണിഞ്ഞു. ആ വിടവാങ്ങല്‍ മലയാള സാംസ്‌കാരിക ലോകത്തുണ്ടാക്കിയ ശൂന്യത കാലത്തിന് പോലും മായ്ച്ചുകളയാനാകില്ല.

Story Highlights : sukumar azheekode death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here