ടോണിയുടെ കവിതയില്‍ കവിത്വമുണ്ടോ? അതോ ജിജിത്വം മാത്രമോ? ‘ജിജി’ ഫേസ്ബുക്കില്‍ വൈറല്‍
ജിജിയെവിടെ
ജിജിയെവിടെ
മലമറവിലുണ്ട് ജിജി
നിറമഴയിലുണ്ട് ജിജി
പുഴയൊലിവിലുണ്ട് ജിജി
കാറ്റിന്റെ കുളിരു ജിജി
തീയിന്റെ ചൂട് ജിജി
പൊടിപടലമായി ജിജി
ഇങ്ങനെ പോകുന്നു ഭാഷാപോഷിണി പ്രസിദ്ധീകരിച്ച കെ ആര്‍ ടോണിയുടെ ജിജി എന്ന കവിത. വായിക്കുമ്പോള്‍ ഏതൊരാള്‍ക്കും തോന്നുന്ന ഈ അതീവ ലാളിത്യം, സാധാരണത്വം തന്നെയാണ് ജിജിയെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കുറിച്ച് ചര്‍ച്ച ചെയ്യിപ്പിക്കുന്നത്. ഒരു കവിതയുണ്ടാക്കാന്‍ ഇത്രയെളുപ്പമോ? ഈ കവിതയില്‍ എത്ര കവിതയുണ്ട്, ഭാഷാ പോഷിണിക്ക് ദാരിദ്ര്യമോ എന്ന് തുടങ്ങിയ ചര്‍ച്ചകള്‍ വിമര്‍ശനങ്ങള്‍ക്ക് കവി തന്നെയിട്ട മറുപടിയോടെ സര്‍ക്കാസത്തിലേക്ക് വഴിമാറി. ഫേസ്ബുക്കിലെ മലയാള ബുദ്ധിജീവികള്‍ ജിജിയ്‌ക്കൊപ്പമെന്നോ ജിജിക്കെതിരെന്നോ പക്ഷം പിടിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ വളര്‍ന്നു. ഈ പ്രപഞ്ചത്തിലെത്ര ജിജിത്വമുണ്ടെന്ന് തിട്ടപ്പെടുത്തി സര്‍ക്കാസിക്കുന്ന തിരക്കിലാണ് ഇപ്പോഴും ബുദ്ധിജീവികള്‍. കവിത എന്തായാലും അതീവ വൈറലാണ്. ജിജിയെക്കുറിച്ചുള്ള ചര്‍ച്ചകളുടെ കാതലെന്തെന്ന് പരിശോധിക്കാം. (social media discussion on K R Tony’s poem jiji)
കവിത തുടങ്ങുന്നത് ഇങ്ങനെയാണ്
ജിജിയെവിടെ ജിജിയെവിടെ
കാടിന്റെ പച്ച ജിജി
കടലിന്റെ നീല ജിജി
ചോരയുടെ ചോപ്പ് ജിജി
കൊന്നയുടെ മഞ്ഞ ജിജി
ചെളിയുടെ കറുപ്പ് ജിജി
മഞ്ഞിന്റെ വെള്ള ജിജി
പുതുവര്‍ഷത്തിന് സതീഷ് സൂര്യന് ഇട്ട ഒരു ഫേസ്ബുകക് പോസ്റ്റില്‍ നിന്നാണ് ചര്‍ച്ചകളുടെ തുടക്കം. ഈ കവിത ഒരു ടെംപ്ലേറ്റ് ആണെന്നും ജിജിയ്ക്ക് പകരം സതീഷെന്നോ ടോണിയെന്നോ ആക്കിയാലും മാറ്റമില്ലെന്നായിരുന്നു പോസ്റ്റ്. കവി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കവി അതിന് ഫേസ്ബുക്കിലൂടെ തന്നെ മറുപടി പറഞ്ഞു. ജിജി എന്ന കവിതയില്‍ ഞാന്‍ പ്രപഞ്ച സത്യം / ബ്രഹ്‌മം /മായ എന്നൊക്കെ പറയുന്നവയെ personify (വ്യക്തിവല്‍ക്കരിക്കുക) ചെയ്യുകയും വ്യക്തിയെ Universalise ( പ്രപഞ്ചവല്‍ക്കരിക്കുക) ചെയ്യുകയും ആണ് ചെയ്യുന്നത്. അഹം ബ്രഹ്‌മാസ്മി, തത്വമസി എന്നീ ദര്‍ശനങ്ങളൊക്കെ അതില്‍ ആന്തരവല്‍ക്കരിച്ചിട്ടുണ്ട്. പക്ഷേ അത് നാടന്‍ താളഭാഷയിലാണ് പറഞ്ഞത്. ആ ഭാഷാ രീതി നിങ്ങള്‍ക്ക് ഒരു template ആയി തോന്നിയെങ്കില്‍ അത് നിങ്ങളെ അതിന്മേല്‍ obsessed ആക്കി എന്നാണര്‍ത്ഥമെന്ന് കവി പറഞ്ഞു.
കാടെവിടെ മക്കളേ എന്ന കവിതയും ഒരു ടെംപ്ലേറ്റ് ആണെന്ന് പറഞ്ഞ കവി ഒരാള്‍ ടെംപ്ലേറ്റ് ഉണ്ടാക്കുന്നത് കവിത്വം കുറഞ്ഞ ഒരു സംഗതിയാണെന്ന പൊതുധാരണയെ പ്രശ്‌നവത്കരിക്കുന്നുണ്ട്.
ജിജിയെന്ന കവിത പരിഹസിക്കപ്പെടേണ്ടതാണെന്ന തരത്തിലുള്ള എഴുത്തുകള്‍ കവിത വെറും പൊള്ളയാണെന്നും കവിതതില്‍ കവിതയോ കഥയോ ഇല്ലെന്നും ആരോപിക്കുന്നുമുണ്ട്. പഴയ സിനിമയില്‍ മുഷിഞ്ഞ ജുബ്ബയിട്ട് ബുദ്ധിജീവിയായ കവിയുടെ വികല പതിപ്പുകളായി അഭിനയിക്കുന്ന കൊമേഡിയന്‍മാര്‍ ഇതുപോലെ ടെംപ്ലേറ്റ് പോലിരിക്കുന്ന കവിത ചൊല്ലുന്നത് ഇക്കൂട്ടരെ സ്വാധീനിച്ചിരിക്കാം. സിനിമയില്‍ ഷറഫുദ്ദീന്‍ പറയുന്നതുപോലെ ഉള്ളില്‍ അര്‍ഥമുണ്ട്, ചിന്തിച്ചാലേ മനസിലാകൂ എന്ന വിശ്വാസമാകാം കവിതയെ ട്രോളെറിയാന്‍ കാരണമാകുന്നത്. കവി ഉദ്ദേശിച്ചത് കണ്ടെത്താന്‍ ഉയര്‍ന്ന ചിന്താഗതി വേണമെന്ന ധാരണയേയും അത്രമേല്‍ ലളിതമായ ജിജി പൊളിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം.
വിമര്‍ശനങ്ങള്‍ക്ക് മനോജ് കുറൂര്‍ പറഞ്ഞ ഒരു മറുപടി പോസ്റ്റിലെ ഒരു ഭാഗം വായിക്കാം.
കലയിലും സാഹിത്യത്തിലുമൊക്കെ ഒരു നൂറ്റാണ്ടിലേറെയായി നടന്നിട്ടുള്ള പ്രകോപനപരമായ പരീക്ഷണങ്ങള്‍ ഒന്നും ശ്രദ്ധിച്ചിട്ടേയില്ലാത്ത, naive ആയി കവിത വായിക്കുന്നവരോട് എന്തെങ്കിലും പറഞ്ഞിട്ടു കാര്യമില്ല. അവര്‍ അവരുടെ ഇഷ്ടംപോലെ വായിക്കട്ടെ. പറയാനുള്ളത് ചില കവികളോടാണ്. കെ ആര്‍ ടോണിയെപ്പോലെ ഒരു ‘എസ്റ്റാബ്ലിഷ്ഡ്’ കവി എഴുതിയതുകൊണ്ടാണത്രേ ഭാഷാപോഷിണി ഇതു പ്രസിദ്ധീകരിച്ചത്! ഈ കവികള്‍ ടോണിയുടെ ഇതിനുമുമ്പുള്ള കവിതകള്‍ കണ്ടിട്ടേയില്ല എന്നു തോന്നും ഇമ്മാതിരി വര്‍ത്തമാനം കേട്ടാല്‍. ടോണിയുടെ ആദ്യകാലം മുതല്‍ക്കേ ജിജി എന്ന കവിതയിലേക്കുള്ള തുടര്‍ച്ച സൂചിപ്പിക്കുന്ന സ്വഭാവങ്ങളുണ്ട്. കവിതയിലെ പല പതിവുമട്ടുകളോടും കലഹിച്ചും ഇതു കവിതയാണോ എന്നു രോഷംകൊള്ളിച്ചുമൊക്കെയാണ് നാല്പതിലേറെ വര്‍ഷങ്ങളായി ടോണി എഴുതിക്കൊണ്ടിരിക്കുന്നത്. പക്ഷേ ഒന്നുണ്ട്. പരമ്പരാഗതമായ പല തരം കവിതകളുടെ വായനയില്‍ മാത്രമല്ല, അവയുടെ രചനാരീതികളില്‍ത്തന്നെ ടോണിക്കു കൈത്തഴക്കമുണ്ട്. പക്ഷേ ആ മട്ടില്‍ തുടരാനല്ല, അവയെ കുടഞ്ഞുകളയാനും തിരിഞ്ഞുകൊത്താനുമുള്ള വാസനയാണു പലപ്പോഴും ടോണിക്കുള്ളത്.
സുധീഷ് കോട്ടേമ്പ്രം തന്റെ ഒരു പോസ്റ്റിലൂടെ ഇത് കുറച്ചുകൂടി വ്യക്തമാക്കുന്നുണ്ട്. ഇതിലെ ഒരു ഭാഗം ഇങ്ങനെയാണ് :
‘ജിജി’ കലാവസ്തുവെന്നതിനേക്കാള്‍ ഒരു കലഹവസ്തുവായി മാറിയിരിക്കുന്നു. അതിലെ കവിതയുടെ മൂല്യം അളക്കല്‍ വൃഥാവ്യായാമം മാത്രമാണ്. അഥവാ കവിതയെക്കുറിച്ചുണ്ടായിട്ടുള്ള പോപ്പുലിസ്റ്റ് വ്യവഹാരികതയിലെ ടെംപ്ലേറ്റിനെ അതായിത്തന്നെ ഒരു മുഖ്യധാരാപ്രസിദ്ധീകരണസ്ഥലത്ത് ഒട്ടിച്ചുചേര്‍ത്ത ഗ്രാഫിറ്റിയാണ് ജിജി. മലയാളത്തിലെ സാഹിതീയഭാവുകത്വത്തിന് വന്നുപെട്ട അതിഭീമമായ പൈങ്കിളിവത്കരണത്തിനോടുള്ള ഇളിച്ചുകാട്ടലാവാം ജിജി. പൊതുവെ കവികളെയും കലാകാരന്മാരെയും ബുദ്ധിജീവികളെയും പരിഹസിക്കുന്ന മുഖ്യധാരാഭാവുകത്വത്തോടുതന്നെയുമുള്ള കൊഞ്ഞനം കുത്തലായും ഇതിനെകാണാം. (മലയാള മുഖ്യധാരാസിനിമകളില്‍ ജഗതിയുടെയും ഇന്ദ്രന്‍സിന്റെയും കഥാപാത്രങ്ങള്‍ മലയാളകവിതയെ പ്രതിനിധീകരിച്ച് നടത്തിയ അധരവിപ്ലവങ്ങളുടെ ഛായ ഈ കവിതയ്ക്ക് ഉണ്ടായതും യാദൃച്ഛികമല്ല) ദാര്‍ശനികഭാരമോ, കാല്പനികഭംഗിയോ, ബൗദ്ധികതലമോ, രാഷ്ട്രീയദര്‍ശനമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു കേവലനാമം ആയി ജിജി എന്ന പേരും അതിനെച്ചുറ്റിപ്പറ്റിയുള്ള നരേറ്റീവും അയത്നലളിതമായി നമ്മുടെ ഭാവുകത്വനിര്‍ണയരീതിയുടെ കള്ളികളെ കവച്ചുനടക്കുന്നു. അഥവാ ‘അകവിത’യുടെ ചേര്‍പ്പിനെ ശ്രമകരമായി പ്രോദ്ഘാടനം ചെയ്യുന്നു.
തന്റെ കവിതയുടെ സോ കോള്‍ഡ് അര്‍ത്ഥവും ദര്‍ശനവുമായി കവി ചില കാര്യങ്ങള്‍ പറഞ്ഞുവച്ചതാണ് ഫേസ്ബുക്കില്‍ പലരേയും ചൊടിപ്പിച്ചത്. ജിജി എന്ന കവിതയില്‍ ഞാന്‍ പ്രപഞ്ച സത്യം / ബ്രഹ്‌മം /മായ എന്നൊക്കെ പറയുന്നവയെ personify (വ്യക്തിവല്‍ക്കരിക്കുക) ചെയ്യുകയും വ്യക്തിയെ Universalise ( പ്രപഞ്ചവല്‍ക്കരിക്കുക) ചെയ്യുകയും ആണ് ചെയ്യുന്നത്. എന്ന വ്യാഖ്യാനം പലരുടേയും സര്‍ക്കാസ പോസ്റ്റുകള്‍ക്ക് കാരണമായി.
കെ എ ഷാജിയുടെ പോസ്റ്റ് ഇങ്ങനെ:
ജിജി എന്ന കവിതയുടെ പിന്നിലെ സൗന്ദര്യാത്മക ദര്‍ശനീക മാനങ്ങള്‍ രചയിതാവ് ശ്രീ കെ ആര്‍ ടോണി അവര്‍കള്‍ തന്നെ വെളിപ്പെടുത്തിയത് കണ്ടപ്പോഴാണ് നമ്മുടെയൊക്കെ ആസ്വാദന നിലവാരം എത്ര ശുഷ്‌കമാണ് എന്ന് ബോധ്യപ്പെട്ടത്. നടുക്കടലില്‍ പോയാലും നക്കിയേ കുടിക്കൂ എന്ന് നിര്‍ബന്ധമുള്ള ബ്ലഡി ഫൂള്‍ മലയാളികളുടെ അസൂയ ഒന്ന് മാത്രമാണ് ആ കവിതയുടെ മീതെ കുതിര കയറുന്നത് എന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു. എല്ലാ പരിഹാസങ്ങള്‍ക്കും മാപ്പ്. മലയാള സാഹിത്യ നഭോമണ്ഡലത്തിലെ ഒരു കൊള്ളിമീന്‍ തന്നെയാണ് ജിജി കവിത.
ഒരു രസകരമായ സര്‍ക്കാസ പോസ്റ്റിലെ ഒരു ഭാഗം കൂടി വായിക്കാം.
ചിലര്‍ കവിത കടന്നുപോയ ജിജികളെ കുറിച്ചും ഇനിയും അവിടെ എത്തിച്ചേര്‍ന്നിട്ടില്ലാത്ത വായനക്കാരെ കുറിച്ചും അവരുടെ പരിമിതമായ ആസ്വാദനത്തെ കുറിച്ചും വിമര്‍ശനത്തെ കുറിച്ചും അതിലെ തീര്‍പ്പുകളെ കുറിച്ചും ഖിന്നരാവുന്നു. എന്തൊരു ജിജിയിത് എന്നു ഖേദിക്കുന്നു. കവിത ഒരുകാലത്തും മുന്നോട്ടുപോയത് ഇത്തരം ജിജികള്‍ മനസ്സിലാക്കിയിട്ടല്ല എന്നു കമന്റുന്നവരെയും ഈ അവസരത്തില്‍ ജിജിക്കാതെ ഇരിക്കുന്നില്ല. നാടകാന്തം ജിജിത്വം എന്നാണല്ലോ ജിജിവര്യന്മാര്‍ പറഞ്ഞിട്ടുള്ളത്. ഒരു ജിജിക്ക് ആദ്യമായും അവസാനമായും വേണ്ടത് ജിജിത്വമാണ് എന്നതും ജിജിനീയമാണ്.
എല്ലാമൊരു ജിജിയുടെ ജിജിയാണ് എന്നുജിജിച്ചാല്‍ തീരുന്ന ജിജിയെ നമുക്കിപ്പോള്‍ ഉള്ളൂ എന്നാണ് എന്റെ എളിയ ജിജിയില്‍ തോന്നുന്നത്.
ജിജിദിനം
സുരാജിന്റെ ഡയലോഗിലെ ഇത് മികച്ചൊരു ഇതാണെന്ന തരത്തിലുള്ള ചര്‍ച്ചയിലും ജിജി എത്തിപ്പെട്ടു. കവിത നിങ്ങള്‍ക്ക് എഴുതാനറിയാത്തതാണോ കവിത നിങ്ങള്‍ക്ക് ആസ്വദിക്കാനറിയാത്തതാണോ ഇതൊരു അകവിതയാണോ എന്ന തരത്തില്‍ ചര്‍ച്ച മുന്നേറുന്നുണ്ട്. മൊഴിമാറ്റപ്പാട്ടിലെ പച്ചത്തീയാണു നീ പിച്ചിപ്പൂവാണ് ഞാന്‍ എന്നതാണോ കുഞ്ഞുണ്ണിയുടെ എനിക്കുണ്ടൊരു വോട്ട് നിനക്കുണ്ടൊരു വോട്ട് നമ്മുക്കില്ലൊരു നേട്ടം എന്നതിനോടാണോ ജിജി അടുത്ത് നില്‍ക്കുന്നതെന്നും ചര്‍ച്ചകള്‍ കൊഴുക്കുന്നു. ഷിനോദ് എന്‍ കെ ഉള്‍പ്പെടെയുള്ളവര്‍ ജിജിക്കൊരു ടാഗ് ലൈന്‍ തന്നെ കൊടുത്തിട്ടുമുണ്ട്. ജിജി ജോക്കി ഓര്‍ നത്തിംഗ്.
Story Highlights : social media discussion on K R Tony’s poem jiji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here