Advertisement

തേഞ്ഞിപ്പലം പോക്‌സോ കേസ്; പൊലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം സിഡബ്ല്യുസി ചെയര്‍മാന്‍

January 26, 2022
1 minute Read
thenhipalam pocso
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തേഞ്ഞിപ്പലം പോക്‌സോ കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. സിഡബ്ല്യുസിക്ക് മുന്നില്‍ കൃത്യമായ സമയത്ത് പെണ്‍കുട്ടിയെ ഹാജരാക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അതിക്രമം നേരിട്ട കുട്ടികളെ 24 മണിക്കൂറിനിടെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കണമെന്ന നിയമം പൊലീസ് ലംഘിച്ചുവെന്നുമാണ് ആരോപണം. തേഞ്ഞിപ്പലം സംഭവത്തില്‍ കുട്ടിയെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നെങ്കില്‍ കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ കഴിയുമായിരുന്നെന്നും ചെയര്‍മാന്‍ കെ.ഷാജേഷ് ഭാസ്‌കര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വെള്ളപൂശുന്നതാണ് പൊലീസ് റിപ്പോര്‍ട്ട്.
അന്നത്തെ സിഐ അലവിയെ രക്ഷപ്പെടുത്തുന്ന തരത്തിലാണ് രണ്ട് റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചത്. രണ്ട് പരാതികളിലും ഇരയുടേയോ അമ്മയുടേയോ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല എന്നതും പൊലീസിന്റെ കള്ളക്കളി തെളിയിക്കുന്നതാണ്. അലവിക്കെതിരെ രണ്ട് പരാതികളാണ് ഉയര്‍ന്നിരുന്നത്. പെണ്‍കുട്ടി ജീവിച്ചിരുന്ന സമയത്ത് പ്രതിശ്രുത വരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചു എന്നതായിരുന്നു ആദ്യത്തെ പരാതി. പരാതിയില്‍ അന്ന് ഉത്തര്‍മേഖലാ ഐജി സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അന്ന്, പ്രതിശ്രുത വരന്റെയോ പെണ്‍കുട്ടിയുടെയോ മൊഴി പോലും എടുക്കാതെ അലവി കുറ്റക്കാരനല്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

രണ്ടാമത്തേത്, കേസില്‍ പൊലീസിന്റെ അനാസ്ഥയായിരുന്നു. പൊലീസ് ഇരയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയിരുന്നു. ഇതില്‍ ഇന്റലിജന്‍സ് എഡിജിപി പൊലീസ് സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. അന്നത്തെ ഡിസിപിയാണ് അന്വേഷണം നടത്തിയത്. ഇതിലും അലവിയെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് പൊലീസ് സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെയോ അമ്മയുടെയോ മൊഴികളൊന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിരുന്നില്ല.

തേഞ്ഞിപ്പലം പോക്‌സോ കേസ് ഇരയുടെ ആത്മഹത്യയില്‍ പെണ്‍കുട്ടി നേരത്തെ എഴുതിയ കുറിപ്പ് പുറത്തായിരുന്നു. വേശ്യയെന്ന് വിളിച്ച് സിഐ അപമാനിച്ചുവെന്നും തന്റെ അവസ്ഥയ്ക്ക് കാരണം സിഐയും പ്രതികളുമെന്നും കത്തില്‍ പറയുന്നു. പീഡനവിവരം നാട്ടുകാരോട് പരസ്യപ്പെടുത്തി. പുറത്തിറങ്ങാന്‍ കഴിയുന്നില്ല. പ്രതിശ്രുതവരനെ പൊലീസുകാര്‍ മര്‍ദിച്ചു. ജീവിക്കാന്‍ താത്പര്യമില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടി മുന്‍പ് ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ എഴുതിയ കത്താണ് പുറത്തുവന്നത്. കേസന്വഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായുള്ള റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ചിരുന്നു. പോക്സോ കേസില്‍ പൊലീസ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഈ കേസില്‍ പാലിച്ചില്ലെന്നും യൂണിഫോം ധരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കാന്‍ പോയതെന്നും റിപ്പോട്ടില്‍ പറയുന്നു.

Read Also : പോക്‌സോ കേസ് : അധ്യാപകൻ കോടതിയിൽ കീഴടങ്ങി

2017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രണ്ടു വര്‍ഷം മുമ്പാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്.

Story Highlights : thenhipalam pocso, malappuram , cwc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement