മുല്ലപ്പെരിയാർ ഡാം ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ

മുല്ലപ്പെരിയാർ ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാത്പര്യഹർജികൾ, ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ച ഹർജികൾ ഇതേ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ആ കേസിൽ വാദം പൂർത്തിയാക്കിയ ശേഷമേ മുല്ലപ്പെരിയാർ വിഷയത്തിൽ അന്തിമവാദം കേൾക്കുകയുള്ളുവെന്ന് കോടതി നേരത്തെ തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്. (mullaperiyar supreme court update)
മുല്ലപ്പെരിയാർ കേസിൽ കോടതി പരിഗണിച്ച് തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങൾ എന്തൊക്കെയെന്ന് അറിയിക്കാൻ കക്ഷികളുടെ അഭിഭാഷകർക്ക് നിർദേശം നൽകിയിരുന്നു. അഭിഭാഷകർ യോഗം ചേർന്ന് സമവായത്തിലെത്തണമെന്നും, ഏതെല്ലാം വിഷയങ്ങളിലാണ് തർക്കമെന്ന് അറിയിക്കണമെന്നും നിർദേശമുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണം എന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ടുള്ള പൊതുതാത്പര്യഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.
അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ഇടപെടാൻ നേരത്തെ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. മേൽനോട്ട സമിതിയെ സമീപിക്കാൻ കേരളത്തിന് നിർദേശം നൽകി. ജലം തുറന്ന് വിടണമോ വേണ്ടയോ എന്നത് മേൽനോട്ട സമിതി തീരുമാനിക്കട്ടെയെന്ന് സുപ്രിംകോടതി വ്യക്തമാക്കി. മേൽനോട്ട സമിതിയുടെ തീരുമാനമാണ് അന്തിമമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
Read Also : സംസ്ഥാനങ്ങൾ യോജിച്ച് തീരുമാനമെടുക്കണം, മുല്ലപ്പെരിയാര്‍ വിഷയത്തിൽ ഇടപെടാതെ സുപ്രിംകോടതി
മുല്ലപ്പെരിയാർ ഹർജികൾ ജനുവരി 11 ന് പരിഗണിക്കാനായി മാറ്റി. കൂടാതെ ഡാമിന്റെ ദൈനംദിന കാര്യങ്ങൾക്കായി കേരളം കോടതിയെ സമീപിക്കുന്നു എന്നും കോടതി വിമർശിച്ചു. സംസ്ഥാനങ്ങൾ യോജിച്ച് തീരുമാനം എടുക്കാവുന്ന വിഷയങ്ങളിൽ സുപ്രിംകോടതിയെ സമീപിക്കരുത്.
കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി. സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മേല്‍നോട്ട സമിതിയാണെന്നും കോടതി വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെ തമിഴ്നാട് വെള്ളം തുറന്ന് വിടുന്നുവെന്ന് കേരളം കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. മുല്ലപ്പെരിയാറിൽ മേൽനോട്ട സമിതി ഒന്നും ചെയ്യുന്നില്ലെന്നും കേരളം പറഞ്ഞു.
Story Highlights : mullaperiyar supreme court update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here