മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ പുതിയ പരിശോധനയ്ക്ക് സമയമായെന്ന് കേന്ദ്ര ജലകമ്മീഷന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധനയ്ക്ക് സമയമായെന്ന ശുപാര്‍ശയുമായി കേന്ദ്ര ജലകമ്മീഷന്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പൊതുതാല്‍പര്യ ഹര്‍ജികളില്‍ കോടതി അന്തിമവാദം തുടങ്ങാനിരിക്കെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
2012ലാണ് അണക്കെട്ട് സുരക്ഷിതമെന്ന് ഉന്നതാധികാര സമിതി സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. മേല്‍നോട്ട സമിതി ഇതുവരെ 14 തവണ അണക്കെട്ട് സന്ദര്‍ശിച്ചു. ബേബി ഡാം ബലപ്പെടുത്താനുള്ള നടപടികള്‍ക്കായി തമിഴ്‌നാട് നിരന്തരം മേല്‍നോട്ട സമിതിയോട് അഭ്യര്‍ത്ഥന നടത്തുന്നുണ്ട്. കേരളത്തിലെ വനമേഖലയിലെ മരങ്ങള്‍ മുറിക്കാനും, അപ്രോച്ച് റോഡ് അറ്റകുറ്റപണി നടത്താനും തമിഴ്‌നാട് അനുമതി ചോദിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്തെ ജനങ്ങളുടെ ആശങ്ക മേല്‍നോട്ട സമിതി യോഗത്തില്‍ കേരളം അറിയിച്ചെന്നും കേന്ദ്ര ജല കമ്മീഷന്‍ തത്സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ അന്തിമ വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ കേസില്‍ കോടതി പരിഗണിച്ച് തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാന്‍ കക്ഷികളുടെ അഭിഭാഷകര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. അഭിഭാഷകര്‍ യോഗം ചേര്‍ന്ന് സമവായത്തിലെത്തണമെന്നും, ഏതെല്ലാം വിഷയങ്ങളിലാണ് തര്‍ക്കമെന്ന് അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്യണം എന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുക്കൊണ്ടുള്ള പൊതുതാത്പര്യഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.
Story Highlights : water commission report to supreme court mullaperiyar dam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here