Advertisement

നിഫ്റ്റി 17,110 പോയിന്റുകള്‍ക്കും താഴെ; 581 പോയിന്റ് ഇടിവുമായി സെന്‍സെക്‌സ്; നിക്ഷേപകര്‍ക്ക് വന്‍ നഷ്ടം

January 28, 2022
Google News 1 minute Read

ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അനശ്ചിതത്വം തുടരുന്നു. ഇന്നും വിപണി അടച്ചത് കനത്ത നഷ്ടത്തിലാണ്. നിഫ്റ്റി 17,110 പോയിന്റുകള്‍ക്കും താഴേക്ക് കൂപ്പുകുത്തിയിരുന്നു. സെന്‍സെക്‌സില്‍ ഇന്ന് വിപണി അടയ്ക്കുമ്പോള്‍ 581 പോയിന്റുകളുടെ ഇടിവുണ്ടായി. ആഗോള വിപണിയില്‍ നിന്നുള്ള അശുഭകരമായ സൂചനകള്‍ തന്നെയാണ് ഇന്നും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായത്. നിക്ഷേപകര്‍ വളരെയധികം പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഐടി, എണ്ണ, ഗ്യാസ് എന്നീ മേഖലകളിലെ ഓഹരികള്‍ നഷ്ടത്തിലായതാണ് സൂചികകള്‍ താഴാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

നിഫ്റ്റി മിഡ്ക്യാപ് 100, നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചികകള്‍ യഥാക്രമം 1.1 ശതമാനവും 0.7 ശതമാനവും ഇടിഞ്ഞതോടെ വിപണി സമ്മദ്ദത്തിലായി. എങ്കിലും ബാങ്കിംഗ് ഓഹരികളുടെ വിലയില്‍ വലിയ കുതിപ്പുണ്ടായത് ഇന്ന് നേട്ടമായി. ബാങ്കിംഗ് മേഖലയില്‍ ഉത്തേജനമുണ്ടായത് നേട്ടമായ പശ്ചാത്തലത്തില്‍ മറ്റ് മേഖലകളിലും സുസ്ഥിരമായ വളര്‍ച്ചയ്ക്ക് കേന്ദ്രം ഉചിതമായ നയരൂപീകരണം നടത്തുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ നിക്ഷേപകര്‍ നടത്തിവരികയാണ്.

ഉരുക്ക്, ഊര്‍ജം, മുതലായ മേഖലകളില്‍ സുസ്ഥിര വികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വലിയ പ്രോത്സാഹനമുണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം വര്‍ധിക്കുന്നതിനാല്‍ അതിനെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. മൂലധന ചെലവ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചേക്കുമെന്നും വിപണി പ്രതീക്ഷിക്കുന്നുണ്ട്. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതികളുണ്ടാകും. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ കുടഞ്ഞെറിഞ്ഞ് സുസ്ഥിരതയും ദീര്‍ഘവീക്ഷണവുമുള്ള വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന നയരൂപീകരണം ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ വിപണി ആഗ്രഹിക്കുന്നത്.

Story Highlights : markets traded volatile and lost about one percentage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here