സുബ്രതാ പോൾ എടികെ മോഹൻ ബഗാനിൽ

മുതിർന്ന ഇന്ത്യൻ ഗോൾ കീപ്പർ സുബ്രതാ പോൾ എടികെ മോഹൻ ബഗാനിൽ. ഹൈദരാബാദ് എഫ്സിയിൽ നിന്ന് വായ്പാടിസ്ഥാനത്തിലാണ് സുബ്രത എടികെയിലെത്തുന്നത്. സീസൺ അവസാനം വരെ താരം എടികെയിൽ തുടരും. ഫസ്റ്റ് ചോയിസ് കീപ്പർമാരായ അമരീന്ദർ സിംഗിനും അവിലാഷ് പോളിനും ഇടക്കിടെ പരുക്ക് അലട്ടുന്നതിനാലാണ് സുബ്രതയെ എടികെ ടീമിലെത്തിച്ചത്.
ജംഷഡ്പൂർ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, മുംബൈ സിറ്റി എഫ്സി എന്നീ ക്ലബുകൾക്കായി മുൻപ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചിട്ടുള്ള താരമാണ് സുബ്രത. 95 മത്സരങ്ങൾ കളിച്ച സുബ്രത 28 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. 35 കാരനായ താരം ഇന്ത്യൻ ടീമിനായി 67 മത്സരങ്ങളിലും കളിച്ചു.
അതേസമയം, ഇന്ന് നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്സി വിജയിച്ചു. എഫ്സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയ ജംഷഡ്പൂർ 22 പോയിൻ്റുമായി പട്ടികയിൽ രണ്ടാമതെത്തി. ഡാനിയൽ ചിമ ചുക്വുവാണ് ജംഷഡ്പൂരിൻ്റെ ഗോൾ സ്കോറർ. ജയത്തോടെ ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാൻ ജംഷഡ്പൂരിനു കഴിയും.
കളിയിലാകെ ആധിപത്യം പുലർത്തിയിട്ടും പരാജയപ്പെടാനായിരുന്നു ഗോവയുടെ വിധി. 63 ശതമാനം ബോൾ പൊസിഷനും 9 ഷോട്ടുകളും ഉണ്ടായിരുന്നിട്ടും ഗോവയ്ക്ക് ജംഷഡ്പൂരിനെ മറികടക്കാനായില്ല. 49ആം മിനിട്ടിൽ അവരുടെ വിധിയെഴുതിയ ഗോൾ പിറന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഈസ്റ്റ് ബംഗാളിൽ നിന്നെത്തിയ നൈജീരിയൻ താരം ഡാനിയൽ ചീമയ്ക്ക് ജംഷഡ്പൂരിനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ ലക്ഷ്യം ഭേദിക്കാനായി.
12 മത്സരങ്ങളിൽ നിന്ന് 6 ജയം സഹിതം 22 പോയിൻ്റോടെയാണ് ജംഷഡ്പൂർ പോയിൻ്റ് പട്ടികയിൽ രണ്ടാമത് എത്തിയത്. ഒരു മത്സരം കൂടുതൽ കളിച്ച ഹൈദരാബാദ് 23 പോയിൻ്റുമായി ഒന്നാമതും ഒരു മത്സരം കുറച്ച് കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 20 പോയിൻ്റുമായി മൂന്നാം സ്ഥാനത്തും ആണ്.
Story Highlights : Subrata Pal atk mohun bagan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here