Advertisement

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; പീഡനശ്രമം നടന്നെന്ന് പൊലീസ്

January 29, 2022
Google News 2 minutes Read
girls missing case

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലെത്തിച്ച കുട്ടികള്‍ക്ക് അവിടെ വെച്ച് ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമം നടന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കള്‍ സംശയനിഴലിലാണ്. കൂടുതല്‍ പേര്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടോ എന്നന്വേഷിക്കുകയാണ് പൊലീസ്. പെണ്‍കുട്ടികള്‍ക്ക് ഗോവയില്‍ ജോലി വാഗ്ദാനം ചെയ്തതായും പൊലീസ് കണ്ടെത്തി.(girls missing case)

വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടികള്‍ക്ക് എടക്കര സ്വദേശിയാണ് ഗൂഗിള്‍ പേ വഴി പണം അയച്ചുനല്‍കിയത്. ഇതുപയോഗിച്ചാണ് കുട്ടികള്‍ ബെംഗളൂരുവിലെത്തിയത്. രണ്ട് പേരെ ബംഗളൂരുവില്‍ നിന്ന് തന്നെ പൊലീസ് കണ്ടെത്തി. ഇയാളെ കാണാന്‍ എടക്കരയില്‍ എത്തിയപ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്. രണ്ട് പേരെ ബെംഗളൂരുവില്‍ നിന്നും ബാക്കി നാല് പെണ്‍കുട്ടികളെ ട്രെയിന്‍ വഴി പാലക്കാട്ടെത്തിയപ്പോഴുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ആറ് പെണ്‍കുട്ടികളെയും ഇന്ന് കോഴിക്കോട് ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തിയ നാലു പെണ്‍കുട്ടികളെ ഇന്നലെ വൈകുന്നേരത്തോടെയാണ് ചെവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് രാത്രിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി.

Read Also : ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ട സംഭവം; കുട്ടികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ബെംഗളൂരുവില്‍ നിന്നും കണ്ടെത്തിയ രണ്ട് പെണ്‍കുട്ടികളെ രാത്രി 12.30 ടെ കോഴിക്കോടെത്തിച്ചു. കുട്ടികളുടെ കൂടെ ട്രെയിനില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന രണ്ട് യുവാക്കളേയും രാത്രിയോടെ ചെവായൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം, കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഈ യുവാക്കളാണ് കുട്ടികള്‍ക്ക് ലഹരിയടക്കം കൈമാറിയത് എന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ ഏതെങ്കിലും ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടോ എന്നറിയാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Story Highlights : girls missing case, kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here