ബജറ്റ് 2022: പ്രതീക്ഷകള്‍ പങ്കുവച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എംപി

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകുമ്പോള്‍ ബജറ്റ് പ്രതീക്ഷകള്‍ പങ്കുവയ്ക്കുകയാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. കൊവിഡ് പശ്ചാത്തലത്തില്‍ വലിയ ദൗത്യമാണ് സാമ്പത്തിക ഉത്തേജനത്തിനായി കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്നതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
‘കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയില്‍ വലിയൊരു സാഹസിക ദൗത്യമാണ് കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്നത്. 2020-21, 2021-22 സാമ്പത്തിക വര്‍ഷങ്ങളില്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖല നിരവധി പ്രതിസന്ധിയാണ് നേരിട്ടതും നേരിടുന്നതും. ഇവയെ അതിജീവിച്ച് എത്രമാത്രം മെച്ചപ്പെട്ട നിലയില്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ കഴിയും എന്ന് രാജ്യം കാത്തിരിക്കുകയാണ്.
ബജറ്റിനെ സംബന്ധിച്ച് വലിയ പ്രതീക്ഷകള്‍ ഉയരുന്നുണ്ടെങ്കിലും ഇന്ന് രാജ്യം നേരിടുന്ന ഗുരുതരമായ ധനകമ്മി, വിലക്കയറ്റം, തൊഴില്ലായ്മ എന്നിവയെ അതീവ പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത തൊഴിലില്ലായ്മയുടെ വളര്‍ച്ചാനിരക്ക് ഏകദേശം 7.3ശതമാനം കൂടിയതും ആഗോളതലത്തിലുള്ള വിലക്കയറ്റവും സാമ്പത്തിക ഉത്തേജനത്തെ ഗുരുതരമായി ബാധിച്ചു. ഇവയെ പരിഗണിക്കുന്നതിനൊപ്പം ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുന്നതിനും ശ്രമങ്ങളുണ്ടാകണം’.
Read Also : ബജറ്റ് 2022: കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി മാര്‍ക്കറ്റ് വിദഗ്ധര്‍
രാഷ്ട്രപതിയുടെ നയ പ്രഖ്യാപനത്തോടെയാകും ബജറ്റ് സമ്മേളനം ആരംഭിക്കുക. സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ മേശപ്പുറത്ത് വയ്ക്കും. അതേസമയം വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി ഈ സമ്മേളനവും പ്രക്ഷുബ്ധം ആക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. പെഗസിസ് അടക്കമുള്ള വിഷയങ്ങള്‍ ആകും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കുക. ഫെബ്രുവരി 11 വരെയാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടം മാര്‍ച്ച് 14 ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് അവസാനിക്കും.
Story Highlights : nk premachandran mp, budget 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here