Advertisement

ക്രിപ്‌റ്റോ ആസ്തികള്‍ക്ക് നികുതി: സര്‍ക്കാര്‍ വെർച്യുൽ ആസ്തികള്‍ക്ക് അംഗീകാരം നല്‍കുകയോ?

February 1, 2022
Google News 1 minute Read

ഡിജിറ്റല്‍ ആസ്തിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന എല്ലാ അവ്യക്തതകളും ധനമന്ത്രി പരിഹരിക്കുമെന്ന പ്രതീക്ഷയാണ് പുതിയ നിക്ഷേപകര്‍ക്കുണ്ടായിരുന്നത്. ക്രിപ്‌റ്റോ നിരോധനം ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്ന ആശങ്കള്‍ മങ്ങുന്നതിനൊപ്പം ക്രിപ്‌റ്റോ കറന്‍സിയെ അസറ്റ് ക്ലാസായി പരിഗണിക്കുമെന്ന പ്രതീക്ഷയും ഏറി വന്നിരുന്നു. ഡിജിറ്റല്‍ ആസ്തികളെ ഇനിയും പരിഗണിക്കാതിരിക്കാനാകില്ല എന്ന സാഹചര്യമാണ് സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നത്. ബജറ്റില്‍ ഡിജിറ്റല്‍, വെര്‍ച്വല്‍ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതി ഈടാക്കാനുള്ള തീരുമാനമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചത്. നികുതി തുക ഉയര്‍ന്നതാണെങ്കിലും ഡിജിറ്റല്‍ ആസ്തി മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണ് ഇതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

വെര്‍ച്വല്‍ ആസ്തികള്‍ ഇക്കാലയളവില്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നും അതിനാലാണ് ഇവയെ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും ധനമന്ത്രി വ്യക്തമാക്കുകയായിരുന്നു. ഡിജിറ്റല്‍ ആസ്തികളെ നികുതിയുടെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നതോടെ തത്വത്തില്‍ ക്രിപ്‌റ്റോ ആസ്തികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയാണ്. ആദായ നികുതി വകുപ്പ് നിയമങ്ങള്‍ അനുസരിച്ച് തന്നെ ക്രിപ്‌റ്റോ കറന്‍സികള്‍ക്കും നികുതി ചുമത്തണമെന്ന ആവശ്യം നിക്ഷേപകര്‍ തന്നെ മുന്നോട്ടുവെച്ചിരുന്നു. 30 ശതമാനമെന്ന നിരക്ക് വളരെ ഉയര്‍ന്നതായാണ് നിക്ഷേപകര്‍ കാണുന്നതെങ്കിലും ക്രിപ്‌റ്റോയ്ക്ക് അംഗീകാരം ലഭിച്ചത് വലിയ ആശ്വാസമാകുന്നുണ്ട്.

Read Also : 80-സി ഇളവുകളില്‍ മാറ്റമില്ല; ബജറ്റ് രാജ്യത്തെ ശമ്പളക്കാരെ ബാധിക്കുന്നത് ഇങ്ങനെ

ഡിജിറ്റല്‍ ആസ്തികള്‍ ആര്‍ജിക്കാനുള്ള ചെലവുമായി ബന്ധപ്പെട്ട് നികുതി ഇളവ് ഉണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓഹരി, എണ്ണ, സ്വര്‍ണം മുതലായ പരമ്പരാഗത അസറ്റ് ക്ലാസുകളില്‍ ആഗോളതലത്തിലുള്ള നിക്ഷേപകര്‍ക്ക് 2008ലെ മാന്ദ്യത്തിന് ശേഷം വിശ്വാസം നഷ്ടപ്പെട്ടതായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 18 മാസക്കാലയളവില്‍ ക്രിപ്‌റ്റോ കറന്‍സിയിലാണ് നിക്ഷേപകര്‍ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിപ്‌റ്റോ കറന്‍സി മേഖലയെ ഇനിയും അവഗണിക്കാനാകില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ മുന്‍പ് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ബജറ്റില്‍ ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാകുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്‌റ്റോ നിയന്ത്രണത്തിനുള്ള ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് അത് നടപ്പിലാക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

രാജ്യം ക്രിപ്‌റ്റോ കറന്‍സിയെ അസറ്റ് ക്ലാസായി പരിഗണിക്കുന്നതിന്റെ പാതയിലാണെന്ന വസ്തുതയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും നിക്ഷേപകര്‍ ചില നിര്‍ദ്ദേശങ്ങള്‍ കൂടി മുന്നോട്ടുവെക്കുന്നുണ്ട്. ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട നികുതി ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നികുതിയുടെ പരിധിക്കുള്ളില്‍ ഉള്‍പ്പെടുത്തിയാലും ഡിജിറ്റല്‍ ആസ്തികളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയേയും വ്യവസ്ഥകളേയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ക്രിപ്‌റ്റോ കൈമാറ്റത്തിനുള്ള വ്യവസ്ഥകളിലും മാറ്റം വരണമെന്ന് നിക്ഷേപകര്‍ സൂചിപ്പിക്കുന്നുണ്ട്.

ഡിജിറ്റല്‍ സമ്പദ് ഘടനയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും നിക്ഷേപകര്‍ പറയുന്നു. ക്രിപ്‌റ്റോ കറന്‍സിയെക്കുറിച്ചുള്ള സര്‍ക്കാര്‍ ആശങ്കകളെ പ്രതിരോധിക്കാനാണ് രാജ്യം സ്വന്തമായി ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറക്കുന്നതെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ രൂപ പുറത്തിറക്കുമെന്നാണ് ധനമന്ത്രി ഇന്ന് അറിയിച്ചത്. ഡിജിറ്റല്‍ രൂപയ്ക്കായുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ രൂപ പുറത്തിറക്കുമെന്നുമാണ് പ്രഖ്യാപനം. ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറങ്ങുന്നത് കറന്‍സി മാനേജ്‌മെന്റ് സുഗമമാക്കുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്. ബ്ലോക്‌ചെയിന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാകും ഡിജിറ്റല്‍ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുക.

Story Highlights : acceptance of digital assets budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here