Advertisement

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ

February 1, 2022
Google News 1 minute Read
nirmala sitharaman

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ കേരളത്തിന് അവഗണന. ഏറെ പ്രതീക്ഷ കല്‍പ്പിച്ചിരുന്ന സില്‍വര്‍ ലൈന്‍, എയിംസ് തുടങ്ങിയ പദ്ധതിയെ സംബന്ധിച്ച് പരാമര്‍ശനം പോലും ബജറ്റിലുണ്ടായില്ല.
സില്‍വര്‍ ലൈന്‍ സംബന്ധിച്ച കാര്യങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നതിനാലാണ് പദ്ധതി ബജറ്റിന്റെ ഭാഗമാക്കാതിരുന്നതെന്നാണ് സൂചന. പരിസ്ഥിതി മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള അനുമതി ഇതുവരെ പദ്ധതിയ്ക്ക് ലഭിച്ചിട്ടില്ലെന്നത് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

പദ്ധതിയുടെ ഡിപിആറിന് ഇതുവരെ കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും പദ്ധതിക്കു തത്വത്തില്‍ അംഗീകാരം ലഭിച്ചതിനാല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. റെയില്‍വേയുടെ വികസനത്തിന്റെ തുടര്‍ച്ചയായി പോലും കേന്ദ്രം ഇത് പരിഗണിക്കുന്നില്ലെന്നതാണ് ബജറ്റ് നല്‍കുന്ന സൂചന.

ഇതോടെ പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഇനി സംസ്ഥാനം പൂര്‍ണമായും കണ്ടെത്തേണ്ടി വരുമോയെന്ന ആശങ്കയും നിലവില്‍ സംസ്ഥാന സര്‍ക്കാരിനുണ്ട്. ബജറ്റില്‍ പദ്ധതിയെ കുറിച്ചു പരാമര്‍ശമില്ലാതായതോടെ പദ്ധതിയുടെ നടത്തിപ്പിനുള്ള തുക കേന്ദ്ര സര്‍ക്കാരോ അതു നല്‍കുന്നതിന് മറ്റ് ഏജന്‍സികളേയോ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കില്ലെന്നും ആശങ്ക ഉയരുന്നുണ്ട്.

കൊവിഡ് ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലും കേരളം ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമായ എയിംസിന് കേന്ദ്രം ഇക്കുറിയും പച്ചക്കൊടി കാണിച്ചില്ല.

Read Also : എയിംസില്‍ കേരളത്തിന് നിരാശ തന്നെ

കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന് നേരത്തെ 2015-ല്‍ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് മാറി മാറി വരുന്ന ബജറ്റുകളില്‍ കേരളം പ്രതീക്ഷയര്‍പ്പിച്ചെങ്കിലും നാളിതുവരെ കേരളത്തിന് അനുകൂലമായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം.

ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം സംസ്ഥാനത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല.

കേരളത്തിന്റെ മറ്റൊരു പ്രധാന ആവശ്യമായിരുന്നു വായ്പ പരിധി ഉയര്‍ത്തല്‍. ഈ ആവശ്യത്തോടും വിമുഖതയാണ് കേന്ദ്രം സ്വീകരിച്ചത്. സംസ്ഥാനങ്ങള്‍ക്ക് മൂലധനനിക്ഷേപത്തിന് പലിശരഹിത വായ്പ നല്‍കാന്‍ ഒരു ലക്ഷം കോടി അനുവദിച്ചത് മാത്രമാണ് കേരളത്തിന് ആശ്വാസം നല്‍കുന്ന കാര്യം.

Story Highlights : Kerala disappointed in central budget

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here