Advertisement

സിൽവർ ലൈൻ, എയിംസ്, കൃഷി…കേന്ദ്രബജറ്റിൽ കേരളത്തിന് പ്രതീക്ഷകളേറെ

February 1, 2022
Google News 1 minute Read
kerala expectation budget 2022

കേന്ദ്രബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് കേരളവും നോക്കിക്കാണുന്നത്. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈൻ ബജറ്റിൽ ഉൾപെടുത്തണമെന്നതാണ് പ്രധാന ആവശ്യം. ബജറ്റിൽ സിൽവർ ലൈൻ ഇടംപിടിച്ചാൽ മറ്റ് എതിർപ്പുകൾ ഇല്ലതാകുമെന്ന് സർക്കാർ കരുതുന്നു. ( kerala expectation budget 2022 )

റയിൽവേ പാത ഇരട്ടിപ്പിക്കലും എയിംസും സംസ്ഥാനത്തിന്റെ പ്രതീക്ഷാ പട്ടികയിലുണ്ട്. കണ്ണൂരിൽ ആയുർവേദ ഗവേഷണ ഇൻസ്റ്റിട്യൂട്ട് പ്രഖ്യാപിക്കണമെന്നും രാഷ്ട്രീയ ആരോഗ്യ നിധിയിൽ മലബാർ ക്യാൻസർ സെന്ററിനെ ഉൾപ്പെടുത്തണമെന്നും കേന്ദ്ര ധനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരികെയെത്തുന്ന പ്രവാസികൾക്കായുള്ള പ്രത്യേക പുനരധിവാസ പാക്കേജും, നാണ്യവിളകൾക്കുള്ള പ്രത്യേക സഹായവും,റബ്ബർ താങ്ങുവിലയും ബജറ്റിൽ കേരളം പ്രതീക്ഷിക്കുന്നു.

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്നതിനിടെ, സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്രബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ രാവിലെ പതിനൊന്ന് മണിക്ക് അവതരിപ്പിക്കും. ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ ഇന്നലെ പാർലമെന്റിന് മുന്നിൽ വച്ചിരുന്നു. കടമെടുപ്പ് പരിധി ഉയർത്തണം തുടങ്ങിയ ആവശ്യങ്ങളിൽ ബജറ്റിൽ അനുകൂല നിലപാടുണ്ടായാൽ കേരളം അടക്കം സംസ്ഥാനങ്ങൾക്ക് ഗുണകരമാകും.

ആരോഗ്യം, കാർഷിക മേഖല, വ്യവസായം, തൊഴിൽ, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങി സമസ്ത മേഖലകളും കൊവിഡിൽ ആടിയുലഞ്ഞു നിൽക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനം അടക്കം ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപത്തിന് കേന്ദ്രസർക്കാർ നിർബന്ധിതരാണ്. സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

വിലക്കയറ്റത്തിനും തൊഴിലില്ലായ്ക്കുമുള്ള പരിഹാരവും ഉണ്ടാകേണ്ടതുണ്ട്. നഗരഗ്രാമ വികസനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം എന്നിവയ്ക്ക് വകയിരുത്തലുകൾ വർധിപ്പിച്ചേക്കും. നികുതി പരിഷ്‌ക്കരണമാണ് വ്യവസായ ലോകം കേന്ദ്ര ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഗൃഹോപകരണ നിർമാണ മേഖല അടക്കം സ്ഥിരതയുള്ള ജിഎസ്ടി നികുതി സ്ലാബാണ് ആവശ്യപ്പെടുന്നത്. കോർപറേറ്റ് നികുതി കുറയ്ക്കണമെന്നതും വ്യവസായികളുടെ നിരന്തരമായുള്ള ആവശ്യമാണ്. പൊതുമേഖല സ്ഥാപനങ്ങളിൽ കൂടുതൽ സ്വകാര്യവൽക്കരണത്തിന് നിർദേശങ്ങളുണ്ടായേക്കും.

റയിൽവെ വികസനത്തിനായുള്ള പദ്ധതികളും നിർണായകമാണ്. പാതകൾ ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം തുടങ്ങിയവയിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ദേശീയ പാത വികസനത്തിനും ബജറ്റിൽ പ്രാമുഖ്യം നൽകിയേക്കും.

Story Highlights : kerala expectation budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here