Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (2/02/22)

February 2, 2022
Google News 2 minutes Read

ബിപിഎൽ വിദ്യാർത്ഥികൾക്ക് മാത്രം കൺസഷൻ, മറ്റ് വിദ്യാർത്ഥികൾക്ക് സാധാരണ നിരക്ക്; കൺസഷൻ പരിഷ്കാരത്തിന് ശുപാർശ

വിദ്യാർത്ഥികളുടെ കൺസഷൻ പരിഷ്‌കരിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ. ബിപി എൽ വിദ്യാർത്ഥികൾക്ക് മാത്രം കൺസഷൻ, മറ്റ് വിദ്യാർത്ഥികൾക്ക് സാധാരണ നിരക്ക് ആക്കാനുമാണ് ശുപാർശ ചെയ്തത്. ആനുകൂല്യത്തിനുള്ള പരമാവധി പ്രായപരിധി 17 ആക്കി നിശ്ചയിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷന്റെ റിപ്പോർട്ടിൽ സർക്കാർ നിലപാട് നിർണായകമാണ്.

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതി; ദ്രാവകരൂപത്തിൽ ഭക്ഷണം നൽകി തുടങ്ങി

കോട്ടയത്ത് പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയെന്ന് ഡോക്ടേഴ്‌സ്. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവകരൂപത്തിൽ ഭക്ഷണം നൽകി തുടങ്ങിയെന്നും ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുക്കും. ( vava suresh responds to questions ).

വന്ദേഭാരത് ബദലായേക്കാം; സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റി തരൂര്‍

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കേന്ദ്ര ബജറ്റില്‍ 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശശി തരൂര്‍ സമൂഹമാധ്യമത്തിലൂടെ പരസ്യ നിലാപടുമായി രംഗത്തെത്തിയത്. വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കു ബദലാകുമോ എന്നു പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് തരൂര്‍ പറയുന്നു. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി സില്‍വര്‍ ലൈന്‍ പദ്ധതിയെ ശശി തരൂര്‍ പിന്തുണച്ചത് വിവാദമായിരുന്നു.

മന്ത്രി സഭായോഗം ഇന്ന്; നിയന്ത്രണങ്ങൾ ചർച്ചയ്ക്ക്

സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രി സഭായോഗം വിലയിരുത്തും. നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമോയെന്ന കാര്യത്തിൽ ചർച്ച നടത്തും. ബജറ്റ് സമ്മേളന തീയതിയിൽ യോഗം തീരുമാനം എടുത്തേക്കും. തിയറ്ററുകൾ അടച്ചിടുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി വീണ്ടും ഹൈക്കോടതിയുടെ പരിഗണയിലാണ്. എന്നാൽ തിയറ്ററുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

ലോകായുക്ത ഓർഡിനൻസ്; ഭരണഘടനാ വിരുദ്ധ വകുപ്പുണ്ട്, രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന് ​ഗവർണർക്ക് സർക്കാർ മറുപടി

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. ഓർഡിനൻസിൽ ഒപ്പിട്ടാൽ നിയമപരമായി നീങ്ങാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് ഗവർണർക്ക് സർക്കാർ വിശദീകരണം നൽകി. ലോകായുക്ത സംസ്ഥാന വിഷയമാണെന്നും ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും ഗവർണ്ണറെ അറിയിച്ചു.

പെഗസിസ് പ്രശ്നം രാജ്യസഭ നിർത്തിവച്ച് ചർച്ച ചെയ്യണം; അടിയന്തര പ്രമേയത്തിന് നോട്ടിസ്

പെഗസിസ് പ്രശ്നം രാജ്യസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് അടിയന്തര പ്രമേയം. ബിനോയ് വിശ്വം എംപിയാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. പുറത്തുവന്ന ഗുരുതര ആരോപണങ്ങളിൽ കേന്ദ്രം മറുപടി നൽകുന്നില്ലെന്ന് നോട്ടീസിൽ പറയുന്നു.

കാലിക്കറ്റ് സർവകലാശാല കൈക്കൂലി ആരോപണം : പരീക്ഷാഭവൻ ജീവനക്കാരന് സസ്‌പെൻഷൻ

കാലിക്കറ്റ് സർവകലാശാല കൈക്കൂലി ആരോപണത്തിൽ പരീക്ഷാഭവൻ ജീവനക്കാരന് സസ്‌പെൻഷൻ. പ്രീഡിഗ്രി വിഭാഗം അസിസ്റ്റന്റായ എം.കെ. മൻസൂറിനെയാണ് സസ്‌പെൻഡ് ചെയ്തത്. തലശേരി സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. അപേക്ഷകയിൽ നിന്ന് ഗൂഗിൾപേ വഴിയാണ് കൈക്കൂലി വാങ്ങിയത്. മറ്റൊരു പരാതിയിൽ ജീവനക്കാരനെതിരെ അന്വേഷണം തുടരുകയാണ്. ( calicut university employee suspended )

ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികൾ ചാടിപ്പോയ സംഭവം; സൂപ്രണ്ടിനെ സ്ഥലം മാറ്റി

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറുപെൺകുട്ടികൾ ചാടിപോയ സംഭവത്തിൽ ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ നടപടി. ഹോം സൂപ്രണ്ട് സൽമയെ സ്ഥലം മാറ്റി.വനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തിരിക്കുന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വനിതാ ശിശു വികസന വകുപ്പ് നിർദേശം നൽകിയിരുന്നു.

Story Highlights : Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here