Advertisement

സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ നിലപാട്: ഡബ്ല്യുസിസി റിട്ട് ഹര്‍ജികളില്‍ വനിതാ കമ്മിഷന്‍ കക്ഷി ചേര്‍ന്നു

February 3, 2022
Google News 2 minutes Read

സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികളില്‍ കക്ഷി ചേരുന്നതിനുള്ള സംസ്ഥാന വനിതാ കമ്മിഷന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. ഡബ്ല്യുസിസി ഫയല്‍ ചെയ്ത രണ്ട് പൊതുതാത്പര്യ ഹര്‍ജികളില്‍ കക്ഷി ചേരുന്നതനായി വനിതാ കമ്മിഷന്‍ ജനുവരി 31ന് ഫയല്‍ ചെയ്ത ഹര്‍ജിയാണ് ഹൈക്കോടതി അംഗീകരിച്ചത്. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക), മലയാളം സിനിമാ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട), അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ് (അമ്മ) എന്നിവരാണ് എതിര്‍കക്ഷികള്‍.
മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നിരവധിയായ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരകളാവുന്നുണ്ടെന്നും തൊഴില്‍മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) മലയാള സിനിമാരംഗത്ത് നിലവിലില്ലെന്നും ബോധിപ്പിച്ച് മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി ജനുവരി 16ന് വനിതാ കമ്മിഷന് പരാതി നല്‍കിയിരുന്നു. സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് സര്‍ക്കാരിന് നല്‍കിയ അപേക്ഷ പ്രകാരം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി നിയുക്തമാക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇതേവരെ പരിഹാരമാര്‍ഗങ്ങള്‍ ഒന്നുമുണ്ടായില്ല എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

Read Also : പൊടിമണ്ണില്‍ ടാറിങ്; അശാസ്ത്രീയ നിര്‍മാണം പൊളിച്ചുനീക്കി

മലയാള സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്ന കേരള ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിയമപരമായ ബാധ്യത നിറവേറ്റാന്‍ ഇതുവരെ തയാറായിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയ ഡബ്യുസിസി ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) ഇല്ലാത്ത സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭ്യമാക്കരുത് എന്ന ആവശ്യവും ഉന്നയിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവരുന്നതില്‍ കമ്മിഷന്‍ ഇടപെടല്‍ ഉണ്ടാകണമെന്നും അഭ്യര്‍ഥിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിഷയം അടിയന്തരമായി പരിഗണിച്ച കമ്മിഷന്‍ ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജികളില്‍ കക്ഷി ചേരാന്‍ തീരുമാനമെടുക്കുകയായിരുന്നു. കൂടാതെ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഡബ്യുസിസി ഭാരവാഹികള്‍ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി, കമ്മിഷന്‍ അംഗം അഡ്വ.എം.എസ്.താര എന്നിവരോട് മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നേരിട്ടു ബോധിപ്പിച്ചതിന്റെയും തുടര്‍ന്ന് വനിതാ കമ്മിഷന് നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഇടപെടല്‍.

Story Highlights : The Women’s Commission joined the party in the WCC writ petitions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here