Advertisement

സ്വർണ്ണ കമ്മലുകളും, രുദ്രാക്ഷം പതിച്ച സ്വർണ ചെയിനും, ആകെ 1.54 കോടിയുടെ സ്വത്ത്; യോഗി ആദിത്യനാഥ്

February 4, 2022
Google News 1 minute Read

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പമാണ് യോഗി ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തനിക്ക് 1.54 കോടിരൂപയുടെ (1,54,94,054) സ്വത്തുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തിൽ പറയുന്നു.

49,000 രൂപ വിലമതിക്കുന്ന 20 ഗ്രാം തൂക്കമുള്ള സ്വർണ്ണ കമ്മലും, 20,000 രൂപ വിലമതിക്കുന്ന 10 ഗ്രാം തൂക്കമുള്ള രുദ്രാക്ഷം പതിച്ച സ്വർണ ചെയിൻ തനിക്കുണ്ട്. 12,000 രൂപ വിലയുള്ള സ്‌മാർട്ട്‌ഫോണാണ് താൻ ഉപയോഗിക്കുന്നതെന്നും യോഗി സത്യവാങ്മൂലത്തിൽ അറിയിച്ചു. കൈയിലും ബാങ്ക് അക്കൗണ്ടിലും സ്ഥിരനിക്ഷേപവും ഉൾപ്പെടെയാണ് ഇത്രയും തുക.

യോഗി ആദിത്യനാഥിന് 1,00,000 രൂപയുടെ റിവോൾവറും 80,000 രൂപയുടെ റൈഫിളും സ്വന്തമായുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. തന്റെ പേരിൽ ഒരു വാഹനവും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ തന്റെ വരുമാനം 13,20,653 രൂപയും, 2019-20 സാമ്പത്തിക വർഷത്തിൽ 15,68,799 രൂപയും, 2018-19 സാമ്പത്തിക വർഷത്തിൽ 18,27,639 രൂപയും, 2017-18 സാമ്പത്തിക വർഷത്തിൽ 14,38,670 രൂപയും, 2016-17 സാമ്പത്തിക വർഷത്തിൽ 8,40,998 രൂപയും ആയിരുന്നുവെന്ന് യോഗി കഴിഞ്ഞ അഞ്ച് വർഷത്തെ വരുമാനത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് സത്യവാങ്മൂലത്തിൽ പറയുന്നു.

ബാധ്യതകളൊന്നും ഇല്ല, ശാസ്ത്രത്തിൽ ബിരുദമുണ്ട്. കാർഷികമോ കാർഷികേതര സ്വത്തോ തനിക്ക് ഇല്ലെന്നും സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പറയുന്നു. ഗോരഖ്പൂരിൽ നിന്ന് അഞ്ച് തവണ എംപിയായ യോഗി ആദിത്യനാഥ് ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ശ്രദ്ധേയമാണ്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ ഗൊരഖ്പൂർ അർബൻ സീറ്റിൽ മാർച്ച് മൂന്നിന് വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 തീയതികളിൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും.

Story Highlights: yogi-adityanath-declares-assets-worth-rs-154-cr

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here