ഓര്‍മകളില്‍ പ്രിയ എഴുത്തുകാരി ലളിതാംബിക അന്തര്‍ജനം

മലയാള കഥകളുടെയും നോവലുകളുടെയും നവോത്ഥാനത്തില്‍ മുഖ്യപങ്കുവഹിച്ച ലളിതാംബിക അന്തര്‍ജനത്തിന്റെ കൃതികള്‍ സ്ത്രീപക്ഷ രചനകളുടെ അടയാളം കൂടിയാണ്. അഗ്നിസാക്ഷി എന്ന ഒറ്റ നോവല്‍ കൊണ്ട് മലയാളി സാഹിത്യ പ്രേമികളുടെ മനസില്‍ എക്കാലത്തേക്കുമായി ഇടംപിടിച്ച എഴുത്തുകാരിയാണ് ലളിതാംബിക അന്തര്‍ജനം. ഒരു ജന്മത്തില്‍ പല ജീവിതം കഴിച്ചുകൂട്ടേണ്ടിവന്ന തേവിക്കുട്ടിയും അതോടെ വായനക്കാര്‍ക്ക് പ്രിയപ്പെട്ട കഥാപാത്രമായി മാറി. നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന പല അനാചാരങ്ങളെയും രചനകളിലൂടെയും അല്ലാതെയും ലളിതാംബിക അന്തര്‍ജനം തുറന്നെതിര്‍ത്തു.
ഒരു കാലത്തിന്റെ അസമത്വത്തെയും അനീതികളെയും വാക്കുകള്‍ കൊണ്ട് നിശിതമായി വിമര്‍ശിച്ചു ഈ എഴുത്തുകാരി. ഓരോ രചനയിലും മനുഷ്യസ്‌നേഹവും അനീതിക്കെതിരായ രോഷവും അലയടിച്ചുയര്‍ന്നു. ഭാവനാശക്തിക്ക് തീകൊളുത്തുന്ന അനുഭവങ്ങളില്‍ നിന്ന് നേരിട്ട് ഉയര്‍ന്നുവന്നിട്ടുള്ളതാണ് ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ മുഴുവനും. ലളിതാഞ്ജലി എന്ന കവിതാ സമാഹാരവും അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു.
1965ല്‍ പുറത്തിറങ്ങിയ ശകുന്തള എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചു. മൂടുപടത്തില്‍ കണ്ണീരിന്റെ പുഞ്ചിരി, കാലത്തിന്റെ ഏടുകള്‍ തുടങ്ങി നിരവധി ചെറുകഥകള്‍. ‘മനുഷ്യനും മനുഷ്യരും’ എന്ന നോവലും ‘ആത്മകഥയ്ക്ക് ഒരു ആമുഖം എന്ന പേരില്‍ ആത്മകഥയും രചിച്ചു. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ആദ്യത്തെ വയലാര്‍ പുരസ്‌കാരവും ഈ എഴുത്തുകാരിയെ തേടിയെത്തി.
Read Also : ചർമരോഗ ചികിത്സാ പരസ്യ ബോർഡിൽ മോർഗൻ ഫ്രീമാൻ; പിന്നാമ്പുറ കഥ ഇങ്ങനെ
സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണനകള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരെ തൂലിക പടവാളാക്കിയ ലളിതാംബിക അന്തര്‍ജനം കടന്നുപോയി വര്‍ഷങ്ങള്‍ കഴിയുമ്പോഴും ആ രചനകളുടെ പ്രശസ്തി ഏറി വരുന്നതേയുള്ളൂ.
Story Highlights: lalithambika antharjanam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here