ഇതിഹാസത്തിന് വിട; ലതാ മങ്കേഷ്‌കറുടെ ഓര്‍മകളില്‍ മലയാള സംഗീത ലോകം

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ മലയാള സിനിമാ ലോകം. സംഗീതത്തിലെ അവതാരമെന്നാണ് ലതാജിയെ ശ്രീകുമാരന്‍ തമ്പി ഓര്‍മിച്ചത്. കുട്ടിക്കാലം മുതലേ ലതാജിയുടെ പാട്ടുകള്‍ കേള്‍ക്കാറുണ്ട്. അത് ഇന്നും തുടരുന്നു. ഒരുപാട് പഠിക്കാനുണ്ട് അവരുടെ ജീവിതം. താന്‍ പാടുന്ന പാട്ടുകളില്‍ പെര്‍ഫെക്ഷന്റെ കാര്യത്തില്‍ ലതാജിക്ക് കോംപ്രമൈസ് ഇല്ലായിരുന്നു. അതുകൊണ്ടാണ് മലയാളഭാഷയില്‍ കൂടുതല്‍ ഗാനങ്ങള്‍ ആ ശബ്ദത്തില്‍ പിറക്കാതെ പോയത്. ലതാജിക്ക് മലയാളഭാഷ പ്രശ്‌നമായിരുന്നതാണ് അതിനുകാരണം. ഇന്ത്യന്‍ സംഗീതത്തില്‍ ലതാ മങ്കേഷ്‌കര്‍ ഇല്ലാതെ സംഗീതമില്ല..’ ശ്രീകുമാരന്‍ തമ്പി ട്വന്റിഫോറിനോട് പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമാണിതെന്ന് ഗായിക ശ്വേത മോഹന്‍ പറഞ്ഞു. ‘ഒരുപാട് കാലത്തെ ആഗ്രഹമാണ് ലതാജിയെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങണമെന്ന്. അതിന് സാധിച്ചില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം’. ശ്വേത മോഹന്‍ 24നോട് പറഞ്ഞു.
ഇതിഹാസങ്ങളില്‍ ഇതിഹാസമെന്നാണ് ലതാ മങ്കേഷ്‌കറെ സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഗോപി സുന്ദറെ വിശേഷിപ്പിച്ചത്. ‘ലതാജിയുടെ മരണവാര്‍ത്ത കേട്ട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. ഇതിഹാസങ്ങളില്‍ ഇതിഹാസമാണ് ആ ജീവിതം. തീരാനഷ്ടമെന്നാണ് പറയാനുള്ളത്.ഇന്നും അത്ഭുതത്തോടുകൂടി കേള്‍ക്കുന്ന ഗാനങ്ങളാണ് ലതാജിയുടേത്’. ഗോപി സുന്ദര്‍ പ്രതികരിച്ചു.
തന്റെ ജീവിതത്തിന്റെ ഭാഗമാണ് അമ്മയുടെ പാട്ടുകളെന്ന് സംഗീത സംവിധായകന്‍ ശരത് ഓര്‍മിച്ചു. ‘ഇത്രയും അതിമനോഹരമായി ഒരാള്‍ക്ക് പാട്ടുപാടാന്‍ കഴിയുമോ എന്ന് സംശയം തോന്നിപ്പോയിട്ടുണ്ട്. എന്റെയൊക്കെ കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന പാട്ടാണ് അമ്മയുടേത്’. വികാരാധീനനായാണ് ശരത് പ്രതികരിച്ചത്.
Read Also : ലതാ മങ്കേഷ്‌കറുടെ വിയോഗം; ദേശീയ പതാക താഴ്ത്തിക്കെട്ടും; രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ 92ാം വയസിലാണ് ലതാ മങ്കേഷ്‌കര്‍ വിടപറയുന്നത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ ഐ.സി.യുവില്‍ നിന്ന് മാറ്റി. എന്നാല്‍ വീണ്ടും ആരോഗ്യനില മോശമായെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.
Story Highlights: Lata Mangeshkar, malayalam movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here