പോൾ കോളിംഗ്‌വുഡ് ഇംഗ്ലണ്ടിന്റെ ഇടക്കാല പരിശീലകനായേക്കും

മുൻ താരം പോൾ കോളിംഗ്‌വുഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൻ്റെ ഇടക്കാല പരിശീലകനായേക്കും. ആഷസ് പരമ്പര 4-0നു പരാജയപ്പെട്ടതോടെ മുൻ പരിശീലകൻ ക്രിസ് സിൽവർവുഡ് രാജിവച്ചിരുന്നു. ഇദ്ദേഹത്തിനു പകരക്കാരനായാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് മുൻ ഓൾറൗണ്ടറെ പരിഗണിക്കുന്നത്.
ക്രിസ് സിൽവർവുഡിനൊപ്പം സഹപരിശീലകനായിരുന്ന കോളിംഗ്‌വുഡ് കുറച്ചുകാലമായി ടീമിനൊപ്പമുണ്ട്. കൊവിഡിനിടെ ടെസ്റ്റ്, പരിമിത ഓവർ മത്സരങ്ങൾക്കുള്ള സ്ക്വാഡുകൾ ഒരേസമയം കളത്തിലിറങ്ങിയപ്പോൾ കോളിംഗ്‌വുഡ് ആണ് വൈറ്റ് ബോൾ ടീമിനൊപ്പം ഉണ്ടായത്. അതുകൊണ്ട് തന്നെ കോളിംഗ്‌വുഡ് ഇടക്കാല പരിശീലകനാവുമെന്നാണ് സൂചന.
ആഷസ് ഇംഗ്ലണ്ട് 4-0ന് കൈവിട്ടതോടെ മുൻതാരങ്ങളിൽ നിന്നടക്കം അതിരൂക്ഷ വിമർശനമാണ് സിൽവർവുഡ് നേരിട്ടത്. മുൻ നായകൻ മൈക്കൽ അതേർട്ടൻ ഇംഗ്ലീഷ് മാനേജ്‌മെൻറിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിൽവർവുഡ് പടിയിറങ്ങിയത്. സിൽവർവുഡിനെ നിയമിച്ച മാനേജിംഗ് ഡയറക്‌ടർ ആഷ്‌ലി ഗിൽസ് സ്ഥാനമൊഴിഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് പരിശീലകൻ സ്ഥാനമൊഴിഞ്ഞത്.
ഇംഗ്ലണ്ട് പരിശീലകനാകാൻ കഴിഞ്ഞത് വലിയ അംഗീകാരമാണ്. താരങ്ങൾക്കും സ്റ്റാഫിനൊപ്പം പ്രവർത്തിക്കാനായതിൽ വലിയ അഭിമാനം. ഇംഗ്ലണ്ട് ടീമിൽ നായകൻമാരായ ജോ റൂട്ടിനും(ടെസ്റ്റ്) ഓയിൻ മോർഗനുമൊപ്പം(വൈറ്റ് ബോൾ) വളരെ ആസ്വദിച്ചു. നിലവിലെ ടീമിനെക്കുറിച്ച് ഏറെ അഭിമാനമുണ്ട് എന്നും ക്രിസ് സിൽവർവുഡ് പ്രതികരിച്ചു. വിൻഡീസിനെതിരെ മാർച്ച് എട്ടിനാണ് മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അടുത്തിടെ വിൻഡീസിനോട് ടി20 പരമ്പര ഇംഗ്ലണ്ട് 3-2ന് തോറ്റിരുന്നു.
Story Highlights: paul collingwood england coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here