Advertisement

‘ഷാരൂഖ് ഖാൻ ലതാ മങ്കേഷ്കറിന്റെ ഭൗതിക ശരീരത്തിൽ തുപ്പി’; നടനെതിരെ വ്യാജ ആരോപണവും സൈബർ ആക്രമണവും

February 6, 2022
Google News 2 minutes Read
shahrukh khan lata mangeshkar

അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിൻ്റെ ഭൗതിക ശരീരത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ തുപ്പി എന്ന് വ്യാജ പ്രചാരണം. ലതയുടെ അന്തിമ കർമ്മങ്ങൾ നടന്ന ശിവാജി പാർക്കിലെത്തി ഷാരൂഖ് ഖാൻ ആദരാഞ്ജലി അർപ്പിച്ചിരുന്നു. ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാർത്ഥിച്ച ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതി. ഇതിനെയാണ് തുപ്പി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. ഷാരൂഖിനെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്. ആക്രമണങ്ങളെ അപലപിച്ച് നിരവധി ആളുകൾ രംഗത്തുവന്നു. (shahrukh khan lata mangeshkar)

ലതയുടെ മൃതദേഹത്തിനരികെ നിന്ന് പ്രാർത്ഥിക്കുന്ന ഷാരൂഖിൻ്റെയും മാനേജർ പൂജ ദദ്ലാനിയുടെയും ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഷാരൂഖ് മുസ്ലിങ്ങളുടെ പ്രാർത്ഥനയായ ദുആ ചെയ്യുമ്പോൾ പൂജ കൈകൂപ്പി പ്രാർത്ഥിക്കുകയാണ്.

ലതാ മങ്കേഷ്കറുടെ ഭൗതികശരീരം ഇന്ന് വൈകിട്ടാണ് സംസ്കരിച്ചത്. മുംബൈ ശിവാജി പാർക്കിൽ വൈകിട്ട് ആറരയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്കറുടെ സഹോദരിയും ​ഗായികയുമായ ആശാ ഭോസ്ലെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, ശ്രദ്ധ കപൂർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവർ സംസ്കാരച്ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തു.

Read Also : ലതാ മങ്കേഷ്‌കറും ക്രിക്കറ്റിനോടുള്ള പ്രണയവും;1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ബി സി സി ഐയേയും വലിയൊരു നാണക്കേടിൽ നിന്ന് രക്ഷിച്ച കടപ്പാടിന്റെ കഥയുണ്ട്

വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാർക്കിലെത്തിയ മോദി, ഭൗതികശരീരത്തിൽ പുഷ്പചക്രം സമർപ്പിച്ചു. വൈകിട്ട് അഞ്ചേമുക്കാലോടെ വിലാപയാത്രയായാണ് ഭൗതികശരീരം ശിവാജി പാർക്കിലെത്തിച്ചത്. വഴിയുലടനീളം നിരവധിയാളുകളാണ് പ്രിയപ്പെട്ട ലതാ ദീദിയെ അവസാനമായി കാണാൻ കാത്തുനിന്നത്.

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ 92ാം വയസിലാണ് ലതാ മങ്കേഷ്‌കർ വിടപറയുന്നത്. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ഐ.സി.യുവിൽ നിന്ന് മാറ്റി. എന്നാൽ വീണ്ടും ആരോഗ്യനില മോശമായെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.

Story Highlights: shahrukh khan cyber attack lata mangeshkar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here