Advertisement

ജിസിഡിഎ ചെയര്‍മാനായി കെ.ചന്ദ്രന്‍പിള്ള ചുമതലയേറ്റു

February 7, 2022
Google News 2 minutes Read

വിശാല കൊച്ചി വികസന അതോറിറ്റി ചെയര്‍മാനായി കെ.ചന്ദ്രന്‍പിള്ള ചുമതലയേറ്റു. വിശാല കൊച്ചിയുടെ വികസനത്തിനായി രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കെ.ചന്ദ്രന്‍പിള്ള പറഞ്ഞു. കടവന്ത്രയിലെ ജി.സി.ഡി.എ ആസ്ഥാനത്ത് ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറുന്ന കൊച്ചിയുടെ വിപുലമായ ആവശ്യങ്ങള്‍കൂടി പരിഗണിച്ച് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഭരണപരമായ കാര്യങ്ങളേക്കാള്‍ വികസനപരമായ കാഴ്ചപ്പാടിനു മുന്‍തൂക്കം നല്‍കുന്ന അതോറിട്ടിയാണ് ജി.സി.ഡി.എ. അതിനു പരിചയ സമ്പന്നരും വിദഗ്ധരുമായ ഉദ്യോഗസ്ഥര്‍ ജി.സി.ഡി.എയ്ക്ക് ഉണ്ട്. അവരുടെ അനുഭവ സമ്പത്തുംകൂടി പ്രയോജനപ്പെടുത്തിയാകും പ്രവര്‍ത്തനങ്ങള്‍. പുനഃസംഘടിപ്പിച്ച എക്സിക്യുട്ടീവ് സമിതി, ജനറല്‍ കൗണ്‍സില്‍ എന്നിവയിലെ അംഗങ്ങളായ മേയര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, മന്ത്രിയുടെ പ്രതിനിധി, സര്‍ക്കാര്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എല്ലാവരും ചേര്‍ന്നാകും പ്രവര്‍ത്തനം. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും കാലികമായി തീര്‍ക്കേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമാകും വികസനപ്രവര്‍ത്തനങ്ങള്‍.

Read Also : എന്താണ് ലോകായുക്ത നിയമഭ ഭേദഗതി? എന്തിനു വേണ്ടി; ഭേദഗതിയെക്കുറിച്ചറിയാം

ഇപ്പോഴുള്ള വിഭവശേഷിക്ക് അപ്പുറത്ത് ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് സ്വീകരിക്കേണ്ടിവരും. അന്താരാഷ്ട്രതലത്തില്‍ കൊച്ചി ഒരു ശ്രദ്ധേയ നഗരമാണ്. ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും വിഷമതകള്‍ നേരിടുന്ന ലോകനഗരങ്ങളിലൊന്നായി ഐക്യരാഷ്ട്ര സഭ കണ്ടിട്ടുള്ള നഗരങ്ങളിലൊന്നാണ് കൊച്ചി. ആഗോളതാപനത്തിനെതിരേ മാനവരാശി പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ പരിഹാരപ്രവര്‍ത്തനങ്ങളില്‍ വിശാല കൊച്ചിക്കും പങ്കുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേത വിദഗ്ധരുടെ സേവനംകൂടി ഉള്‍പ്പെടുത്തി എല്ലാ ഏജന്‍സികളേയും യോജിപ്പിച്ചാകും കൊച്ചിയുടെയും പ്രാന്തപ്രദേശങ്ങളുടെയും വികസനം. അന്താരാഷ്ട്ര വൈദഗ്ധ്യം, ലോകത്തിലെ വികസിത നഗരങ്ങളില്‍ നിന്നു മാതൃകയാക്കുവാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്നിവ സ്വീകരിക്കും. കേന്ദ്ര സര്‍ക്കാര്‍ അര്‍ബന്‍ ഡെവലപ്പ്മെന്റിന്റെ പുതിയപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളും കൊച്ചിയില്‍ വരേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരും കൊച്ചിയുടെ വികസനത്തിനു പ്രത്യേക പരിഗണനയാണു നല്‍കുന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. കൊച്ചി പഴയ കൊച്ചിയല്ല. അതിന് അനുസരിച്ചുള്ള വികസന കാഴ്ച്ചപ്പാടിലാകും പ്രവര്‍ത്തനം. രാഷ്ട്രീയത്തിന് അതീതമായി എല്ലാവിഭാഗം ജനങ്ങളേയും ഉള്‍പ്പെടുത്തിയാകും വികസനം. അതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Story Highlights: K Chandran Pillai took over as GCDA chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here