Advertisement

ഹിജാബ് വിവാദം: കര്‍ണാടകയില്‍ മൂന്നു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും

February 8, 2022
Google News 1 minute Read

കര്‍ണാടകയിലെ പല കോളജുകളിലും ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സംഘര്‍ഷം വ്യാപിക്കുന്നതിന് പിന്നാലെ മൂന്നു ദിവസത്തേയ്ക്ക് സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഹിജാബ് വിവാദത്തില്‍ ഉഡുപ്പി സര്‍ക്കാര്‍ പ്രീയൂണിവേഴ്‌സിറ്റി കോളജിലെ അഞ്ചു വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതി ബുധനാഴ്ചയും തുടരും. ഉച്ചയ്ക്ക് 2.30നാണ് വീണ്ടും വാദം കേള്‍ക്കുന്നത്.

ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ അധ്യക്ഷനായ കര്‍ണാടക ഹൈക്കോടതി ബെഞ്ചാണ്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ പ്രതിഷേധങ്ങളും മറ്റും ഒഴിവാക്കണമെന്നും ജസ്റ്റിസ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കായി വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ ദേവ്ദത്ത് കാമത്താണ് ഹാജരായത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കര്‍ണാടക സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് കെ. നവദാഹിയാണ് വാദങ്ങള്‍ അവതരിപ്പിച്ചത്. ഉഡുപ്പി മഹാത്മാ ഗാന്ധി കോളജ് ക്യാംപസില്‍ ഹിജാബ് വിഷയത്തില്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ ചൊവ്വാഴ്ച സംഘര്‍ഷമുണ്ടായിരുന്നു. സ്ഥലത്തെത്തിയ പൊലീസിനു നേരെ കല്ലേറുണ്ടായതോടെ പൊലീസ് ആകാശത്തേക്കു വെടിവച്ചു.

കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തിപ്പടരുകയാണ്. ഹിജാബ് ധരിച്ചെത്തുന്നവര്‍ക്ക് കോളജിനുള്ളില്‍ പ്രവേശിക്കാന്‍ വിലക്കില്ലെന്നും എന്നാല്‍ ഇവര്‍ക്കായി ക്ലാസെടുക്കാനാവില്ലെന്നും മറ്റൊരു ക്ലാസ് മുറിയില്‍ ഇരിക്കണമെന്നുമാണ് ഉഡുപ്പിയിലെ ജൂനിയര്‍ പി.യു കോളജ് നിലപാടെടുത്തത്. വിദ്യാര്‍ത്ഥിനികള്‍ കോളജ് ഗെയ്റ്റിന് മുന്നില്‍ കൂട്ടം കൂടാതിരിക്കാനാണ് തങ്ങള്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതെന്നാണ് കോളജ് അധികൃതരുടെ വാദം.

Story Highlights: govt declares 3-day holiday for schools, colleges

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here