ഇഡിയുടെ നോട്ടീസ്; ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്നാ സുരേഷ്

സ്വർണക്കടത്ത് കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകാനാവശ്യപ്പെട്ടുള്ള ഇഡീ നോട്ടീസിൽ സമയം നീട്ടിച്ചോദിച്ച് സ്വപ്നാ സുരേഷ്. ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്ന ഇഡിയെ അറിയിച്ചു. കസ്റ്റഡിയിലിരിക്കെ പുറത്തുവിട്ട ഓഡിയോ സന്ദേശം സംബന്ധിച്ച വെളിപ്പെടുത്തലിലാണ് ഇഡി മൊഴി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. (swapna suresh enforcement directorate)
നാളെ ഹാജരാകണമെന്നാണ് സ്വപ്നയോട് ഇഡി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് മാധ്യമപ്രവർത്തകരെ കണ്ട സ്വപ്ന, താൻ പറഞ്ഞ കാര്യങ്ങളൊക്കെ അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിക്കുമെന്ന് അറിയിച്ചു. എന്നാൽ, ആരോഗ്യപ്രശ്നങ്ങളും വ്യക്തിപരമായ അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഇപ്പോൾ സമയം നീട്ടി ചോദിച്ചിരിക്കുന്നത്.
എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിളിച്ചത് എന്തിനെന്ന് വ്യക്തമല്ല എന്ന് സ്വപ്ന പറഞ്ഞിരുന്നു. നേരത്തെയുള്ള കേസിന്റെ ഭാഗമാണോ അതോ പുതിയ വെളിപ്പെടുത്തലാണോ കാരണമെന്ന് അറിയില്ല. മാധ്യമങ്ങളിലൂടെയാണ് മൊഴിയെടുക്കും എന്ന വിവരം അറിഞ്ഞത്. താൻ തെറ്റായ ഒന്നും പറഞ്ഞിട്ടില്ല. ശിവശങ്കറിനെയും പുസ്തകത്തെ കുറിച്ചുമാണ് ചോദിക്കുന്നതെങ്കിൽ അറിയുന്നത് എല്ലാം പറയും.
Read Also : സ്വപ്‍ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ്; അന്വേഷണം മഹാരാഷ്ട്രയിലേക്ക്
ഏത് ഏജൻസി ചോദിച്ചാലും സത്യം പറയും. അന്വേഷണ ഏജൻസിയോട് പൂർണമായും സഹകരിക്കും. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും സ്വപ്ന കൂട്ടിച്ചേർത്തു. ശിവശങ്കറിൻറെ പുസ്തകത്തെ കുറിച്ച് പറയാൻ വേണ്ടിയാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. പറഞ്ഞത് സത്യമായ കാര്യങ്ങൾ ആണെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേർത്തു.
സ്വർണ്ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നൽകിയത്. നാളെയാണ് സ്വപ്നയുടെ മൊഴി അന്വേഷണ ഏജൻസി രേഖപ്പെടുത്തുക. കസ്റ്റഡിയിലിരിക്കെ ശബ്ദ സന്ദേശം പുറത്തുവിട്ടത് എം ശിവശങ്കറിൻറെ നിർദ്ദേശപ്രകാരമാണെന്ന് സ്വപ്ന അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് പറയുന്നതായിരുന്നു സ്വപ്നയുടെ ശബ്ദ സന്ദേശം. ഇക്കാര്യത്തിൽ മൊഴി രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനാണ് ഇഡിയുടെ നീക്കം.
കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത് പുറത്തുവിട്ടതിലാണ് അന്വേഷണം. മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന തന്‍റെ ഓഡിയോ ശിവശങ്കറിന്‍റെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചിൽ. ഈ ഫോണ്‍ റെക്കോര്‍ഡിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്നാണ് അന്വേഷിക്കുക.
Story Highlights: swapna suresh reply enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here