Advertisement

എഴുന്നേറ്റ് നിന്ന് ബാബു കൈകള്‍ ഉയര്‍ത്തിക്കാണിക്കുന്നു; വ്യക്തതയുള്ള പുതിയ ദൃശ്യങ്ങള്‍ ട്വന്റിഫോറിന്

February 9, 2022
Google News 2 minutes Read

പാലക്കാട് മലമ്പുഴ മലയുടെ മുകളില്‍ ബാബു എന്ന യുവാവ് കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായി. വിശപ്പിനേയും ദാഹത്തേയും ഭയാശങ്കകളേയും അതിജീവിക്കാന്‍ ബാബുവിന് സാധിക്കണേ എന്ന പ്രാര്‍ഥനയാണ് ഈ മണിക്കൂറുകളില്‍ മലയാളികള്‍ക്കുണ്ടായിരുന്നത്. ഈ പശ്ചാത്തലത്തില്‍ ഏറെ ആശ്വാസം നല്‍കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ 24 ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്. മുന്‍ ദൃശ്യങ്ങളില്‍ കണ്ടത് പോലെ ബാബു എഴുന്നേറ്റ് നില്‍ക്കുക തന്നെയാണെന്നത് പുതിയ ദൃശ്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നുണ്ട്. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പുതിയ ദൃശ്യങ്ങള്‍ സൂചന നല്‍കുന്നു. ബാബു കൈകള്‍ ഉയര്‍ത്തിക്കാണിക്കുന്നതായും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബാബുവിനെ കയര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്.

രക്ഷാപ്രവര്‍ത്തകര്‍ റോപ്പ് ഉപയോഗിച്ച് ബാബുവിനടുത്തേക്ക് എത്താന്‍ ശ്രമിക്കുമെന്ന് എംഎല്‍എ ഷാഫി പറമ്പില്‍ അറിയിച്ചു. ബാബു എഴുന്നറ്റ് നില്‍ക്കുന്നു എന്നതും ഇപ്പോള്‍ സ്ഥലത്ത് നല്ല വെളിച്ചം വീണുതുടങ്ങി എന്നതും ആശ്വാസകരമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ബാബു കുടുങ്ങിക്കിടങ്ങുന്ന മലയുടെ താഴ്ഭാഗത്താണ് ഇപ്പോള്‍ ഷാഫി പറമ്പിലുള്ളത്.

‘രണ്ട് കാര്യങ്ങള്‍ ആശ്വാസകരമാണ്. ബാബു എഴുന്നേറ്റ് നില്‍ക്കുന്നു എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. പുതിയ ദൃശ്യങ്ങള്‍ ഇത് തെളിയിക്കുന്നുണ്ട്. രണ്ടാമതായി വെളിച്ചം വന്ന സ്ഥിതിക്ക് ബാബുവിന്റെ അടുത്തേക്ക് എങ്ങനെ എത്തിച്ചേരണമെന്നത് സംബന്ധിച്ച് രക്ഷാപ്രവര്‍ത്തകര്‍ ആസൂത്രണം ആരംഭിച്ചുകഴിഞ്ഞു എന്നതാണ്. ഒരിക്കല്‍ക്കൂടി ചോപ്പര്‍ ഉപയോഗിച്ച് ശ്രമിക്കാന്‍ ആലോചിക്കുന്നുണ്ട്. റോപ്പ് ഉപയോഗിച്ചും ബാബുവിനടുത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കും. ബാബുവിന് ഭക്ഷണമെത്തിക്കാന്‍ വീണ്ടും ഡ്രോണിന്റെ സാധ്യത രക്ഷാപ്രവര്‍ത്തകര്‍ തേടുകയാണ്. ബാബുവിന് ഇപ്പോള്‍ എന്തെല്ലാമാണ് നല്‍കേണ്ടതെന്നത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും തേടുന്നുണ്ട്’. ഷാഫി പറമ്പില്‍ പറഞ്ഞു.

ബാബു ഉടന്‍ പുറത്തെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. സംഘം ബാബുവിനരികെയെത്തി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടര്‍മാര്‍ സജ്ജരാകണമെന്ന് കരസേന നിര്‍ദ്ദേശം നല്‍കി. ആംബുലന്‍സും ബേസ് ക്യാമ്പുമൊക്കെ സജ്ജമാണ്. ഫോറസ്റ്റ് ഗെയ്ഡുകള്‍ അടങ്ങുന്ന ഒരു സംഘം കൂടി ഇപ്പോള്‍ പുറപ്പെട്ടിട്ടുണ്ട്.

Story Highlights: babu rescue operation new video clips 24 news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here