‘അവന്‍ ആഹാരം കഴിച്ചെന്ന് കൂടി കേട്ടാല്‍ മതി’; ബാബുവിന്റെ തിരിച്ചുവരവ് കാത്ത് ഉമ്മ

37 മണിക്കൂര്‍ നീണ്ട കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. പാലക്കാട് മലമ്പുഴയില്‍ ചെറാട് മലയില്‍ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നാടും വീടും കുടുംബവും. മകന്റെ അരികിലേക്ക് കരസേനയുടെ രക്ഷാദൗത്യ സംഘം എത്തുന്നുവെന്ന് അറിഞ്ഞതോടെ ബാബുവിന്റെ വീട്ടുകാര്‍ക്കും ആശ്വാസമാണ്. മകന് ആപത്തൊന്നും ഇല്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ സന്തോഷവും സമാധാനവും തോന്നിയെന്ന് ബാബുവിന്റെ മാതാവ് റഷീദ ട്വന്റിഫോറിനോട് പറഞ്ഞു.
‘ അവന് കുഴപ്പമൊന്നും ഇല്ലെന്ന് കേട്ടപ്പോള്‍ തന്നെ സന്തോഷം തോന്നി. ഭക്ഷണം കഴിച്ചു എന്നുകൂടി അറിഞ്ഞാല്‍ സമാധാനമായി. മകന് ഒന്നും സംഭവിക്കരുതേ എന്നാണ് പ്രാര്‍ത്ഥന. മകനൊപ്പം രക്ഷാപ്രവര്‍ത്തനത്തിനായി മലയിലേക്ക് പോയവര്‍ കൂടി സുരക്ഷിതരായി എത്തട്ടേയെന്നാണ് പറയാനുള്ളത്. നാട്ടുകാര്‍ മുതല്‍ കരസേന പ്രവര്‍ത്തകര്‍ വരെ എല്ലാ സഹായങ്ങളും ചെയ്തുകൂടെയുണ്ട്. കളക്ടര്‍ മാഡം പറഞ്ഞത് രാവിലെ 9 മണിയെങ്കിലും ആകും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി സംഘം തിരിച്ചെത്താന്‍ എന്നാണ്’. ഉമ്മ 24നോട് പ്രതികരിച്ചു.
അതേസമയം ബെംഗളൂരുവില്‍ നിന്നുള്ള പാരാ കമാന്‍ഡോസും രക്ഷാദൗത്യത്തിനായി മലമ്പുഴയിലെത്തിയിട്ടുണ്ട്. എയര്‍ഫോഴ്‌സ് വിമാനത്തില്‍ സുലൂരുലെത്തിയ കരസേനാ സംഘം റോഡ് മാര്‍ഗം മലമ്പുഴയിലെത്തിയിട്ടുണ്ട്.
അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ കരസേനയുടെ സംഘം ഗര്‍ത്തത്തില്‍ ഇറങ്ങിയത് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി. സംഘാംഗങ്ങള്‍ ബാബുവുമായി സംസാരിച്ചു. യുവാവിന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.
ആദ്യം ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും എത്തിക്കാനാണ് ശ്രമിക്കുന്നത്. ബാബുവിനെ താഴെയിറക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഒരുപക്ഷേ നാളെയായിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. എന്‍ഡിആര്‍എഎഫ് സംഘം നിലവില്‍ മലയുടെ മുകളിലേക്ക് ഭക്ഷണവും വെള്ളവുമായി പോയിട്ടുണ്ട്. ഒപ്പം ഫോറസ്റ്റിന്റെ ടീമും വഴികാട്ടികളായി പ്രദേശവാസികളുടെ ടീമും പോയിട്ടുണ്ട്.
Read Also : മകന് ഭക്ഷണമെങ്കിലും എത്തിക്കണം, ആശങ്കയോടെ ബാബുവിന്റെ അമ്മ
ചെറാട് മലയിലെ ചെങ്കുത്തായ കൂര്‍മ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. വെല്ലിംഗ്ടണില്‍ നിന്നുള്ള കരസേനാ ദൗത്യസംഘം മലമ്പുഴയിലെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ദ് രാജാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. 9 അംഗ സംഘമാണ് ദൗത്യത്തിനൊപ്പം ചെറാട് എന്‍ഡിആര്‍എഫ് സംഘവും കേരളാ പൊലീസിന്റെ ഹൈ ഓള്‍ട്ടിട്യൂഡ് റെസ്‌ക്യൂ ടീമും മലമ്പുഴയിലെത്തിയിട്ടുണ്ട്.
Story Highlights: trucking incident, malampuzha, trapped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here