Advertisement

’90 കോടി ജനങ്ങളെ അകറ്റിനിര്‍ത്തിയ 90 മിനിറ്റ്; ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കെതിരെ വീണ്ടും പ്രതിപക്ഷം

February 9, 2022
Google News 2 minutes Read
union budget 2022

കേന്ദ്രബജറ്റില്‍ വീണ്ടും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം രാജ്യസഭയില്‍. 2022-23 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റില്‍ സര്‍ക്കാര്‍ രാജ്യത്തെ ഭൂരിപക്ഷം ദരിദ്രരെയും ഒഴിവാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ഒന്നും തന്നെ ബജറ്റിലുണ്ടായിരുന്നില്ല. ടാറ്റ, ബിര്‍ള, അംബാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേട്ടമുണ്ടാക്കുന്ന ബജറ്റ് തികഞ്ഞ പരാജയമാണെന്ന് ബജറ്റിന് ശേഷമുള്ള രണ്ടാംദിന ചര്‍ച്ചയില്‍ ബിനോയ് വിശ്വം എംപി കുറ്റപ്പെടുത്തി.

വിഹിതം വെട്ടിക്കുറയ്ക്കുകയും സബ്സിഡികള്‍ കുറയ്ക്കുകയും ചെയ്തതിനാല്‍ സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും ആരോഗ്യമേഖലയ്ക്കും സഹായം നല്‍കാനുള്ള ഒരു ശ്രമവും ബജറ്റ് പ്രഖ്യാപനത്തിലുണ്ടായില്ല. ഭക്ഷ്യ സബ്‌സിഡി വെട്ടിക്കുറച്ചതിലും കാര്‍ഷിക മേഖലയ്ക്ക് വേണ്ടി പ്രഖ്യാപിച്ച ‘തുഛമായ’ വിഹിതത്തെയും ടിആര്‍എസ് നേതാവ് കെ ആര്‍ സുരേഷ് റെഡ്ഡിയും വിമര്‍ശിച്ചു.

’90 മിനിറ്റ് ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗം 90 കോടി ഇന്ത്യക്കാരെ പുറത്തുനിര്‍ത്തിയുള്ളതാണ്. പുരോഗമന ബജറ്റ് എന്നറിയപ്പെടുന്ന ഈ പ്രഖ്യാപനം ഭൂരിഭക്ഷം ജനങ്ങളെയും അകറ്റി നിര്‍ത്തുകയാണുണ്ടായത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള വര്‍ഷമായിരുന്നു 2022. എന്നാല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിനായി മുന്‍വര്‍ഷത്തേതില്‍ നിന്നും 10,000 കോടി രൂപ വെട്ടിക്കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്’.റെഡ്ഡി വിമര്‍ശിച്ചു.

Read Also : ഗോവ തെരെഞ്ഞടുപ്പ് 2022; മതത്തിന്റെയും ജാതിയുടെയും പേരിലുള്ള രാഷ്ട്രീയത്തിൽ ബിജെപി വിശ്വസിക്കുന്നില്ല: ജെപി നദ്ദ

അതിനിടെ ബജറ്റില്‍ കര്‍ഷകര്‍ക്കുവേണ്ടിയുള്ള പ്രഖ്യാപനങ്ങളില്‍ കര്‍ഷക സംഘടനകള്‍ അതൃപ്തരാണ്.
കര്‍ഷക സമരം അവസാനിപ്പിക്കാറായില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. മിനിമം താങ്ങുവില പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങി. ഇപ്പോഴും കര്‍ഷക ഉത്പന്നങ്ങള്‍ സംഭരിക്കുന്നത് മിനിമം താങ്ങുവില നല്‍കാതെയാണ്. പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രിയും കര്‍ഷകരോട് സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നും ടികായത് ട്വന്റി ഫോറിനോട് പ്രതികരിച്ചു.

Story Highlights: union budget 2022, rajyasabha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here