‘വനംവകുപ്പിനോട് കേണപേക്ഷിക്കുകയാണ്’; കേസെടുക്കരുതെന്ന് ബാബുവിന്റെ ഉമ്മ

മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി ബാബുവിന്റെ മാതാവ് റഷീദ. ബാബുവിനെതിരെ കേസെടുക്കരുതെന്ന് അപേക്ഷിക്കുകയാണെന്ന് ഉമ്മ 24നോട് പറഞ്ഞു. മക്കള്‍ പണിക്ക് പോയാണ് വീട് നോക്കുന്നത്. കേസിന്റെ പുറകേ പോകാന്‍ കയ്യില്‍ പണമില്ല. പക്ഷേ മകന്‍ ചെയ്ത തെറ്റിനെ അംഗീകരിക്കില്ലെന്നും റഷീദ വ്യക്തമാക്കി.
‘ഒരമ്മ എന്ന നിലയില്‍ അവന്‍ ചെയ്ത തെറ്റ് അംഗീകരിക്കില്ല. പക്ഷേ കേസെടുത്താല്‍ എന്റെ കയ്യില്‍ കൊടുക്കാനൊന്നുമില്ല, വനംവകുപ്പ് അധികൃതരോട് കേണപേക്ഷിക്കുകയാണ്. ഈ ഘട്ടത്തില്‍ എന്നെ സഹായിക്കണം. ഞാനൊരു ഹോട്ടലില്‍ ക്ലീനിംഗ് ജോലി ചെയ്യുകയാണ്. ബാബുവാണ് എന്നെ നോക്കുന്നത്. അവന് പത്രമിടുന്നതും ടൈല്‍സ് വര്‍ക്കിന്റെയും പണിയാണ്. ഇളയ മോന് ഇലക്ട്രീഷ്യന്‍ വര്‍ക്കാണ്. വാടകവീട്ടിലാണ് താമസം.
ഇത്രദിവസം എന്റെ കാര്യങ്ങളൊന്നും ഞാന്‍ പുറത്തുപറഞ്ഞില്ല. ബോള്‍ഡ് ആയി തന്നെയാണ് ഞാന്‍ നിന്നത്. പക്ഷേ ഇപ്പോള്‍ ടെന്‍ഷനാണ്. എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. കേസെടുക്കും എന്ന് തന്നെയാണെങ്കില്‍ എല്ലാവരും എന്നെ സഹായിക്കണം. കേസിന്റെ പുറകേ നടക്കാന്‍ ഞങ്ങളുടെ കൈവശം ഒന്നുമില്ല. വനംമന്ത്രിയോടും ഷാഫി പറമ്പില്‍ എംഎല്‍എയോടുമൊക്കെ അപേക്ഷിക്കുകയാണ്.
സംരക്ഷിത വനമേഖലയില്‍ അനുമതിയില്ലാതെ കയറിയതിനാണ് ബാബുവിനെതിരെ കേസെടുക്കുകയെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. മലയിലേക്ക് ആളുകള്‍ കയറാതിരിക്കാന്‍ വാച്ചര്‍മാരെ ഏര്‍പ്പെടുത്തും. അനുമതി വാങ്ങാതെ മലകയറുന്നതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.
സംസ്ഥാന വനം വകുപ്പ് നിയമം സെക്ഷന്‍ 27 പ്രകാരമാണ് കേസെടുക്കുക. ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ സെക്ഷന്‍ ഓഫീസര്‍ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Read Also : മലമ്പുഴയിലെ രക്ഷാപ്രവര്‍ത്തനം; സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി
പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. രണ്ട് ദിവസത്തോളം വെള്ളവും ഭക്ഷണവും കിട്ടാത്തതിനാല്‍ ബാബു ക്ഷീണിതനായിരുന്നു. രാവിലെ നടത്തിയ പരിശോധനകള്‍ക്ക് ശേഷം ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉമ്മ പ്രതികരിച്ചു.
Story Highlights: babu mother, malampuzha, trekking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here