Advertisement

‘നെഹ്‌റു അന്ന് മനസുവെച്ചിരുന്നെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഗോവയെ മോചിപ്പിക്കാമായിരുന്നു’; ആരോപണം തുടര്‍ന്ന് മോദി

February 10, 2022
Google News 1 minute Read

ചരിത്രത്തിലെ വിവിധ സംഭവങ്ങള്‍ ചൂണ്ടി രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്‌റു വിചാരിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ ഗോവയെ മോചിപ്പിക്കാനാകുമായിരുന്നെന്ന് മോദി കുറ്റപ്പെടുത്തി. എന്നാല്‍ 1947ന് ശേഷം 15 വര്‍ഷക്കാലം ഗോവയെ പോര്‍ച്ചുഗീസ് ഭരണത്തിന് കീഴില്‍ കോണ്‍ഗ്രസ് നിലനിര്‍ത്തിയെന്ന് മോദി വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഗോവയില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഗോവയിലെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഗോവയിലെ ജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് മറച്ചുവെച്ച ഒട്ടനേകം ചരിത്രസത്യങ്ങളുണ്ട്. ഗോവയുടെ സ്വാതന്ത്യമുന്നേറ്റങ്ങളെ കോണ്‍ഗ്രസ് ഏതുവിധത്തിലാണ് നശിപ്പിച്ചതെന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോവയുടെ വിമോചനത്തിനായി സൈന്യത്തെ അയക്കില്ലെന്ന് നെഹ്‌റു പറഞ്ഞെന്നും മോദി ആരോപിച്ചു.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് പ്രധാനമന്ത്രി ഉന്നയിച്ചിരുന്നത്. ഗോവയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കേണ്ടിയിരുന്ന ചരിത്ര ഘട്ടത്തില്‍ നെഹ്‌റു സ്വന്തം പ്രതിച്ഛായയെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടാണ് പെരുമാറിയതെന്നും മോദി വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഹൈദരാബാദിലും ജുനഗഡിലും സ്വീകരിച്ച നയങ്ങള്‍ ഗോവയിലും സ്വീകരിക്കാനായെങ്കില്‍ ഗോവയുടെ സ്വാതന്ത്ര്യത്തിനായി 15 വര്‍ഷക്കാലം കാത്തിരിക്കേണ്ടി വരില്ലായിരുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍ രാജ്യത്ത് ജാതിവ്യവസ്ഥ ഇത്രയധികം പ്രബലമാകില്ലെന്നുള്‍പ്പെടെ മോദി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ സിഖുകാര്‍ കൂട്ടക്കൊല ചെയ്യപ്പെടില്ലായിരുന്നു. ഇങ്ങനെയൊരു പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍ പഞ്ചാബ് തീവ്രവാദ ഭീഷണിയാല്‍ വെന്തുരുകില്ലായിരുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് ഭരണപക്ഷത്തുവന്നാലും പ്രതിപക്ഷത്തായാലും കോണ്‍ഗ്രസ് ഭീഷണിയാണെന്ന തരത്തില്‍ കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിമര്‍ശനം ഉയര്‍ത്തിയത്.

Story Highlights: pm modi criticize nehru goa liberation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here