ഉത്തരാഖണ്ഡിൽ കോൺഗ്രസ് അനുകൂല അന്തരീക്ഷം; ഹരീഷ് റാവത്ത് ട്വന്റിഫോറിനോട്
ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാനഘട്ടത്തിലേക്ക്. കോൺഗ്രസിന് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ട്വന്റിഫോറിനോട്. ജനം മാറ്റം ആഗ്രഹിക്കുന്നു. ബിജെപിയുടെ വികസന നേട്ടങ്ങൾ പൊള്ളയായ വാദങ്ങളാണെന്നും,ബിജെപി വിരുദ്ധ വോട്ടുകൾ കോൺഗ്രസിന് തന്നെ ലഭിക്കുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു. ( harish rawat about congress uttarakhand )
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്നലെ ഉത്തരാഖണ്ഡിൽ പ്രചാരണത്തിനെത്തിയിരുന്നു. അൽമോറയിലെ സുഖാനി മൈതാനത്തിൽ നടക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
ഈ മാസം ആദ്യം നടക്കാനിരുന്ന പ്രധാനമന്ത്രിയുടെ റാലി മോശം കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു. അൽമോറയിലും ഹരിദ്വാറിലും നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തത്. ഇത് മൂന്നാം തവണയാണ് രാഹുൽ പ്രചാരണത്തിനായി സംസ്ഥാനത്തെത്തുന്നത്.
Read Also : ഉത്തരാഖണ്ഡിൽ ബിജെപിക്ക് അനുകൂലമായ കാറ്റ്; ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ബി.ജെ.പിക്ക് മൂന്ന് പേരെ മുഖ്യമന്ത്രി പദവിയിലെത്തിക്കേണ്ടി വന്നിരുന്നു. ജനങ്ങൾക്കിടയിൽ ഇത് സ്വാഭാവികമായ അതൃപ്തി വളർത്തിയിട്ടുണ്ട്. ഈ മൂന്നുപേരടക്കം ആറോളം പേരാണ് മുഖ്യമന്ത്രിപദവിയിലേക്ക് ഉറ്റുനോക്കി പ്രവർത്തിക്കുന്നത്. മൂന്ന് മുഖ്യമന്ത്രിമാരെ കണ്ട കഴിഞ്ഞ ടേം ഇനി ആവർത്തിക്കാതിരിക്കാൻ തങ്ങൾക്ക് വോട്ട് ചെയ്യണമെന്നാണ് കോൺഗ്രസ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. പാർട്ടി തീരുമാനപ്രകാരമാണ് മുഖ്യമന്ത്രിയെ മാറ്റിയതെന്നും അതിൽ കോൺഗ്രസ്സിനെന്ത് കാര്യം എന്നും സൂചിപ്പിക്കുന്ന തരത്തിലായിരുന്നു മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ആരാണ് മുഖ്യമന്ത്രിസ്ഥാനാർത്ഥി എന്ന ചോദ്യത്തിന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് നൽകിയ മറുപടി, പാർട്ടിയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നായിരുന്നു.
ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കുന്നത് നിലവിലെ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയെയാണ്. ഇദ്ദേഹത്തിന്റെ ജനകീയമുഖത്തിൽ പാർട്ടിക്ക് പ്രതീക്ഷയുണ്ട്. കഴിഞ്ഞദിവസം ഉത്തരാഖണ്ഡിലെ പിതോറാഗഢിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പുഷ്‌കർ സിങ്ങിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. ശ്രദ്ധ പൂർണമായും മുഖ്യമന്ത്രി ധാമിയിലേക്ക് എത്തിക്കുക എന്നതാണ് പാർട്ടിയുടെ നയം.
Story Highlights: harish rawat about congress uttarakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here