അനില്‍ അംബാനിയെ വിപണിയില്‍ നിന്ന് വിലക്കി സെബി

മുന്‍ ശതകോടീശ്വരന്‍ അനില്‍ അംബാനിയേയും അദ്ദേഹത്തിന്റെ മൂന്ന് അസോസിയേറ്റുകളേയും വിപണിയില്‍ നിന്ന് വിലക്കി ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി. മൂന്ന് മാസത്തേക്കാണ് ഇവരെ വിപണിയില്‍ നിന്ന് വിലക്കിയിരിക്കുന്നത്. തന്റെ കമ്പനികളില്‍ ഒന്നില്‍ നിന്ന് ഫണ്ട് വകമാറ്റി മറ്റ് സ്ഥാപനങ്ങളുടെ കടം തിരിച്ചടയ്ക്കാന്‍ ശ്രമിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനില്‍ അംബാനിയ്ക്ക് സെബിയുടെ വിലക്ക്. അനില്‍ അംബാനിയെക്കൂടാതെ അമിത് ബപ്ന, രവീന്ദ്ര സുധാല്‍ക്കര്‍, പിങ്കേഷ് ആര് ഷാ എന്നിവരേയും മൂന്ന് മാസത്തേക്ക് വിലക്കിയിട്ടുണ്ട്.
അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡും മൂന്ന് എക്സിക്യൂട്ടീവുകളും നേരിട്ടോ അല്ലാതെയോ സെക്യൂരിറ്റികളില്‍ ട്രേഡ് ചെയ്യരുതെന്നാണ് സെബി നിര്‍ദേശിച്ചിരിക്കുന്നത്. ഇതുകൂടാതെ പൊതു ഖജനാവില്‍ നിന്നും പണം സ്വരൂപിക്കുന്ന കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും അംബാനിക്ക് വിലക്കുണ്ട്. 100 പേജുകളുള്ള ഇടക്കാല ഉത്തരവിലാണ് സെബി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അമിത് ബപ്ന, രവീന്ദ്ര സുധാല്‍ക്കര്‍, പിങ്കേഷ് ആര് ഷാ എന്നിവര്‍ ക്രമക്കേടുകള്‍ക്ക് സകല പിന്തുണയും നല്‍കിയെന്നാണ് സെബി ആരോപിക്കുന്നത്. കണക്കുകളില്‍ കള്ളത്തരം കാട്ടി ഇവര്‍ പൊതുജനങ്ങളെ കബളിപ്പിച്ചെന്നും സെബി സൂചിപ്പിച്ചു.
Story Highlights: sebi ban anil ambani from market
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here