ബിജെപി ഇല്ലായിരുന്നെങ്കില്‍ യുപിയില്‍ നിന്ന് തുരത്തിയ ക്രിമിനലുകള്‍ ഉത്തരാഖണ്ഡിലെത്തിയേനെ: യോഗി ആദിത്യനാഥ്
ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലില്ലായിരുന്നെങ്കില്‍ തങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്നും തുരത്തിയ ക്രിമിനലുകള്‍ ഇവിടെ എത്തിപ്പെട്ടേനെയെന്ന് യോഗി ആദിത്യനാഥ്. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമര്‍ശം. വോട്ടുചെയ്യുമ്പോള്‍ തെറ്റുകള്‍ സംഭവിക്കരുതെന്നും ഒരു ചെറിയ പിഴവുപോലും ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഉത്തരാഖണ്ഡില്‍ പറഞ്ഞു. ക്രിമിനലിസത്തോട് സന്ധിയില്ലാത്ത പോരാട്ടമാണ് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ നടത്തിവരുന്നതെന്നും യോഗി പറഞ്ഞു.
ദേശീയ സുരക്ഷയെ സംരക്ഷിച്ചു നിര്‍ത്തുന്ന രാജ്യത്തിന്റെ കോട്ടയാണ് ഉത്തരാഖണ്ഡെന്നും യോഗി ആദിത്യനാഥ് പ്രസ്താവിച്ചു. ദേശീയ സുരക്ഷയുടെ ഈ അഭേദ്യമായ കോട്ടയില്‍ വിള്ളല്‍ വീഴ്ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരാഖണ്ഡ് ശരിയായ വളര്‍ച്ചയുടെ പാതയിലാണ്. കൂടുതല്‍ മുന്നേറാനായി ഇനിയും ബിജെപിക്ക് ഒപ്പം നില്‍ക്കണമെന്നും യോഗി അഭ്യര്‍ഥിച്ചു.
ഉത്തരാഖണ്ഡില്‍ മുസ്ലീം സര്‍കലാശാല നടത്താന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നത് അംഗീകരിക്കില്ലെന്നും യോഗി സൂചിപ്പിച്ചു. ഞങ്ങള്‍ ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയാനാണ് സ്വാമി വിവേകാനന്ദന്‍ പഠിപ്പിച്ചത്. എന്നാല്‍ തങ്ങള്‍ ആകസ്മികമായി ഹിന്ദുക്കളായി മാറിയതാണെന്ന് പറഞ്ഞുകൊണ്ട് ആക്‌സിഡന്റല്‍ ഹിന്ദു എന്ന് സ്വയം വിശേഷിപ്പിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. രാഹുല്‍ യഥാര്‍ഥ ഹിന്ദുമതത്തെ പുനര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. സംസ്ഥാനത്തെ 13 ജില്ലകളിലെ 70 മണ്ഡലങ്ങളിലായി 755 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും പുറമെ ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്ത് ഉള്ളതോടെ ശക്തമായ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം ലക്ഷ്യമിടുകയാണ് ബിജെപി. ഭരണവിരുദ്ധവികാരം മുതലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്തെ അഴിമതി മുക്തമാകുമെന്ന പ്രഖ്യാപനമാണ് ആം ആദ്മി പാര്‍ട്ടിയുടേത്. പരസ്യ പ്രചാരണമവസാനിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്ഡഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മുതലായവര്‍ ഇന്ന് ഉത്തരാഖണ്ഡില്‍ റാലി നടത്തിയിരുന്നു.
Story Highlights: yogi adityanath speech in uttarakhand ahead assembly election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here