Advertisement

മണിപ്പൂർ തെരഞ്ഞെടുപ്പ്; ബിജെപിക്ക് തിരിച്ചടി, 1400 പേർ കോൺഗ്രസിൽ ചേർന്നു

February 13, 2022
Google News 1 minute Read

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി. 1400 പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഇംഫാൽ വെസ്റ്റിലെ നൗരിയ പഖംഗലക്പ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി എസ് മനാട്ടൻ നവാഗതരെ ഷാൾ അണിയിച്ച് സ്വീകരിച്ചു. നേരത്തെ 780 പേർ ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു.

ജന ക്ഷേമത്തേക്കാൾ അഴിമതിയും കള്ളക്കടത്തുകാരെയും പിന്തുണച്ച് ബിജെപി നേതാക്കൾ ലാഭം സമ്പാദിക്കുകയാണെന്ന് എസ് മനാട്ടൻ ആരോപിച്ചു. ബിജെപി ഭരണം നടത്തുന്നത് ജനങ്ങൾക്ക് വേണ്ടിയല്ല. അഴിമതിയും മയക്കുമരുന്നും വേരോടെ പിഴുതെറിയാൻ മുദ്രാവാക്യം വിളിക്കുന്ന നേതാക്കളിൽ ഭൂരിഭാഗവും ഈ സമ്പ്രദായത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു.

തെരഞ്ഞെടുപ്പിൽ വിജയിക്കാൻ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നേതാക്കൾ അതിൽ നിന്നും പിന്മാറണം. അണികളോട് സമാധാനത്തോടെയും സഹകരണത്തോടെയും പ്രചാരണം നടത്താൻ ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് മാനോട്ടന്റെ വസതിയിലാണ് സ്വീകരണ യോഗം നടന്നത്. നേരത്തെ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയതി മാറ്റിയിരുന്നു.

ഒന്നാം ഘട്ടം ഫെബ്രുവരി 28നും രണ്ടാം ഘട്ടം മാർച്ച് അഞ്ചിനുമാണ് നടക്കുക. ഒന്നാം ഘട്ടം ഫെബ്രുവരി 27 നും രണ്ടാംഘട്ടം മാർച്ച് മൂന്നിനും നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രാർഥന ദിവസം പരിഗണിച്ച് തീയതി മാറ്റണമെന്ന് പരമോന്നത ക്രിസ്ത്യൻ സമിതിയായ എ.എം.സി.ഒപ്രതിനിധികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആദ്യഘട്ട തീയ്യതി പുനഃക്രമീകരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ ഇംഫാലിലെത്തിയിരുന്നു. ഇതിനിടെയാണ് ആദ്യഘട്ട വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവുമായി സമിതി കമ്മീഷനെ സമീപിച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

Story Highlights: manipur-elections-a-setback-for-the-bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here