യുദ്ധഭീഷണി നേരിടുന്ന യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് കൂടുതൽ രാജ്യങ്ങൾ

യുദ്ധഭീഷണി നേരിടുന്ന യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ട് പന്ത്രണ്ടോളം രാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്‌ട്രേലിയ, ഇറ്റലി, ഇസ്രയേൽ, നെതർലന്റ്‌സ്, ജപ്പാൻ, കാനഡ, ന്യൂസീലന്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് പൗരൻമാരോട് യുക്രൈൻ വിടാൻ ആവശ്യപ്പെട്ടത്. യുക്രൈനിലെ യുഎസ് എംബസിയിലെ അടിയന്തരവിഭാഗം ഒഴികെയുള്ള ജീവനക്കാരോട് 48 മണിക്കൂറിനകം രാജ്യം വിടാൻ യുഎസ് ആവശ്യപ്പെട്ടു. ( nations urge citizens to leave Ukraine )
യുക്രൈനിൽ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ യുക്രൈനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം അതീവജാഗ്രതയ്ക്ക് നിർദേശം നൽകി. എല്ലാവിധത്തിലുള്ള മുൻകരുതൽ നടപടികളും കൈക്കൊണ്ട് അവിടെയുള്ള ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നീക്കം പൂർത്തിയാക്കാൻ യുക്രൈനിലെ സ്ഥാനപതി കാര്യാലയത്തിന് നിർദ്ദേശം നൽകി. പൗരന്മാരെ മടക്കി കൊണ്ടുവരാൻ രണ്ട് പദ്ധതികളാണ് ഇന്ത്യ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒന്ന് സാധാരണ വിമാന സർവീസ് വഴിയാണ്. സംഘർഷം മൂർഛിക്കുകയോ, റഷ്യ ആക്രമണം തുടങ്ങുകയോ ചെയ്താൽ സൈനിക വിമാനങ്ങൾ വഴി പൗരന്മാരെ ഉക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കും.
റഷ്യ- യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ പൗരന്മാരെ രക്ഷിക്കുക പ്രയാസമാകുമെന്ന് അമേരിക്ക വിലയിരുത്തി. അമേരിക്കൻ നയതന്ത്രജ്ഞർ ഉക്രൈൻ വിട്ടുകഴിഞ്ഞു.
Read Also : റഷ്യയും ഉക്രൈനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്ത്? റഷ്യ യുദ്ധത്തിലേക്കോ?
ശീത ഒളിമ്പിക്‌സ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ഒരു യുദ്ധത്തിന് റഷ്യ തയാറെടുക്കില്ലെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പെട്ടെന്നുണ്ടായ മാറ്റം ലോക രാജ്യങ്ങളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. യുദ്ധമുണ്ടായാൽ 25000 മുതൽ 50,000 പേർക്ക് വരെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്നാണ് കണക്കുകൂട്ടൽ.
അതിനിടെ, യുഎസ് യുദ്ധഭീതി പരത്തുകയാണെന്ന് റഷ്യ ആരോപിച്ചു. ശീതയുദ്ധകാലത്തിനുശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ സംഘർഷസാഹചര്യം ലഘൂകരിക്കാനായി നയതന്ത്ര നീക്കങ്ങളും ഊർജിതമായി.
Story Highlights: nations urge citizens to leave Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here