ഇന്നത്തെ പ്രധാന വാർത്തകൾ (14-02-2022)
PSLV-C 52 ഭ്രമണപഥത്തിലേക്ക്; ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം ( news round up feb 14 )
ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം പൂർത്തിയായി. ഇന്ന് പുലർച്ചെ 5.59നായിരുന്നു പിഎസ്എൽവി സി-52 വിന്റെ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയാണ് ദൗത്യം.
സിൽവർ ലൈനിൽ സർക്കാർ അപ്പീലിന് അനുകൂല വിധി; സർവ്വേ തടഞ്ഞ നടപടി ഹൈക്കോടതി റദ്ദാക്കി
സിൽവർലൈൻ പദ്ധതിയുടെ സർവേ തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. പരാതിക്കാരുടെ ഭൂമിയിലെ സർവ്വേ തടഞ്ഞ ഇടക്കാല ഉത്തരവാണ് റദ്ദാക്കിയത്. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ചാണ് ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തടഞ്ഞത്. ഇതോടെ സർവേ നടപടികളുമായി സർക്കാരിനു മുന്നോട്ടു പോകുന്നതിനു തടസമുണ്ടാവില്ല.
സുരക്ഷാ ഭീഷണി; 54 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യ നിരോധിക്കും
കൂടുതൽ ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി കണക്കിലെടുത്ത് 54 ആപ്പുകൾ നിരോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ടിക് ടോക്ക്, വീചാറ്റ്, ഹലോ തുടങ്ങിയ ആപ്പുകൾ രാജ്യത്ത് നിരോധിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ്; യുപിയിലും ഗോവയിലും ഉത്തരാഖണ്ഡിലും പോളിംഗ് ആരംഭിച്ചു
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മുഴുവൻ സീറ്റുകളിലും, യുപിയിൽ രണ്ടാം ഘട്ട വോട്ടെടുപ്പാണ് പുരോഗമിക്കുന്നത്. 6 മണിക്ക് വോട്ടെടുപ്പ് പൂർത്തിയാകും. കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
‘വിവാഹസംഘം വീട്ടിലേക്ക് നടക്കുന്നതിനിടയിൽ പിന്നിൽ നിന്ന് ബോംബെറിഞ്ഞു’; ദൃക്‌സാക്ഷി ട്വന്റിഫോറിനോട്
കണ്ണൂർ തോട്ടടയിലെ ബോംബേറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹസംഘം വീട്ടിലേക്ക് നടക്കുന്നതിനിടയിൽ പിന്നിൽ നിന്ന് ബോംബെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി ട്വന്റിഫോറിനോട്. കൊല്ലപ്പെട്ട ജിഷ്ണു എത്തിയത് ബേംബെറിഞ്ഞ സംഘത്തിനെപ്പമായിരുന്നു. പതിനേഴോളം പേർ വരുന്ന സംഘമെത്തിയത് ഒരേ വാഹനത്തിലാണെന്നും ദൃക്‌സാക്ഷി പറഞ്ഞു. ബോംബേറ് നടന്ന സമയത്തെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
കണ്ണൂർ ബോംബാക്രമണം; ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ തോട്ടടയിലെ ബോംബേറിൽ പ്രധാന പ്രതി അറസ്റ്റിൽ. ഏച്ചൂർ സ്വദേശി അക്ഷയ്‌യുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ബോംബെറിഞ്ഞത് ഏച്ചൂർ സ്വദേശി മിഥുനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട ജിഷ്ണുവിനും സുഹൃത്തുക്കളായ മിഥുനും അക്ഷയ്‌ക്കും ബോംബിനെക്കുറിച്ച് അറിയാമായിരുന്നു. ഒളിവിൽ പോയ മിഥുനായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണെന്നും മൃതദേഹം മാറ്റുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കണ്ണൂർ എസ് പി പ്രതികരിച്ചു.
പോക്സോ കേസ്; റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് ഡിസിപി
പോക്സോ കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനും അഞ്ജലിക്കും എതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കൊച്ചി ഡി സി പി വി യു കുരുവിള. കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചെങ്കിലും മറ്റാരും പരാതി തന്നിട്ടില്ല. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യത്തിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി. ഒരു സ്ത്രീയും പുരുഷനുമാണ് ഇന്ന് രാവിലെ ചാടിപ്പോയത്.
പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്ക്
പഞ്ചാബ് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിലേക്ക്. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് മനീഷയുടെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിലാകും മനീഷാ ഗുലാത്തി അംഗത്വം സ്വീകരിക്കുക.
രാജ്യത്ത് 34,113 പേർക്ക് കൂടി കൊവിഡ്; 91,930 പേർക്ക് രോഗമുക്തി
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,113 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 346 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 91,930 പേർ രോഗമുക്തരായി. നിലവിൽ 4,78,882 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 5,09,011 ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.19 ശതമാനമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.68 ശതമാനം.
Story Highlights: news round up feb 14
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here