മണിപ്പൂർ തെരഞ്ഞെടുപ്പ്; ചെറു രാഷ്ട്രീയ പാർട്ടികളെ ആശ്രയിച്ച് ബിജെപിയും കോൺഗ്രസും

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെയും പ്രതിപക്ഷമായ കോൺഗ്രസിന്റെയും വിധി നിർണയിക്കപ്പെടുന്നത് ചെറു രാഷ്ട്രീയ പാർട്ടികളെ ആശ്രയിച്ചാണ്. സംസ്ഥാനത്ത് തൂക്കുസഭയ്ക്കുള്ള സാധ്യത കൽപ്പിക്കുന്ന സർവേകൾ കണക്കിലെടുക്കുമ്പോൾ, നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), ജനതാദൾ യുണൈറ്റഡ് (ജെഡി-യു) തുടങ്ങിയ ചെറുകക്ഷികളുടെ പിന്തുണ സർക്കാർ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കും എന്നതിൽ സംശയമില്ല.
2017ലെ തെരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ കോൺഗ്രസിന് 28 സീറ്റുകൾ ലഭിച്ചപ്പോൾ ബിജെപി 21 സീറ്റുകൾ നേടിയിരുന്നു. എന്നാൽ ഒരു കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് കഴിഞ്ഞു. എൻപിഎഫും എൻപിപിയും മറ്റ് ചില ചെറിയ പാർട്ടികളും ബിജെപിക്ക് പിന്തുണ നൽകി. അതേസമയം സർക്കാരിന്റെ ഘടകങ്ങളാണെങ്കിലും, എൻപിപിയും എൻപിഎഫും 2022 തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടിട്ടില്ല.
മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി ബിജെപിയുമായുള്ള എൻപിപിയുടെ ബന്ധം വഷളായിരുന്നു.
സീറ്റ് നിഷേധിക്കപ്പെട്ടത്തിന് പിന്നാലെ പാർട്ടിയുടെ നിരവധി നേതാക്കൾ ബിജെപി വിട്ട് കോൺഗ്രസ്, എൻപിപി, ജെഡിയു എന്നിവയിൽ ചേരുന്നത്, തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ പി ശരത്ചന്ദ്രയും സർക്കാർ പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ ചെയർമാനുമായ എൻ ജോയ്കുമാറും കഴിഞ്ഞ അഞ്ച് വർഷമായി കൂറുമാറ്റങ്ങൾ നേരിട്ട കോൺഗ്രസിൽ ചേർന്നതും പാർട്ടിക്ക് ക്ഷീണമായി. നിങ്‌തൗജം മാംഗി, എസ് സോവചന്ദ്ര എന്നിവരുൾപ്പെടെ അഞ്ച് ബിജെപി നേതാക്കളാണ് എൻപിപിയിൽ ചേർന്നത്.
2017ൽ ഒമ്പത് സീറ്റിൽ മത്സരിച്ച എൻപിപി നാലെണ്ണത്തിൽ വിജയിച്ചിരുന്നു. നാല് എംഎൽഎമാരെയും ബിജെപി മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഈ വിജയത്തിന്റെ ആവേശത്തിലാണ് പാർട്ടി 2022 തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ മത്സരിക്കുന്നത്. മണിപ്പൂർ രാഷ്ട്രീയത്തെ അടുത്തറിയുന്ന ആളുകൾ പറയുന്നതനുസരിച്ച്, സർക്കാർ രൂപീകരിക്കാൻ സാധ്യതയുള്ള ഏത് പാർട്ടിയെയും ചെറുകക്ഷികൾ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. നിരവധി എം.എൽ.എമാരും മുൻ എം.എൽ.എമാരും തങ്ങളുടെ കൂട്ടത്തിലെത്തിയതോടെ ചെറുപാർട്ടികൾ വലിയ പാർട്ടികളായി മാറിയെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
Story Highlights: fate-of-bjp-congress-hinges-on-smaller-parties
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here