മധു കൊലപാതകം: മുതിര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

അട്ടപ്പാടി മധു കൊലക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമാണ്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
മധു കേസിലെ വിചാരണ നടപടികള്‍ നേരത്തെയാക്കിയിട്ടുണ്ട്. ഈ മാസം 18നാണ് കേസ് പരിഗണിക്കുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നടപടി. നേരത്തെ മാര്‍ച്ച് 26ലേക്കാണ് കേസ് മാറ്റിയിരുന്നത്. അതേസമയം കേസിലെ പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളുടെ കോപ്പികള്‍ കൈമാറി.
കേസിന്റെ ആദ്യ രൂപത്തില്‍ പൊലീസ് ചാര്‍ജ് ഷീറ്റിനൊപ്പം നല്‍കേണ്ടിയിരുന്ന മുഴുവന്‍ ഡിജിറ്റല്‍ രേഖകളുടെയും കോപ്പി പ്രതികള്‍ക്ക് നല്‍കിയിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള ഈ തെളിവുകളുടെ രേഖകള്‍ ഓരോരുത്തര്‍ക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ തെളിവുകളുടെ കോപ്പി നല്‍കിയതിന് ശേഷമേ വിചാരണ പുനരാരംഭിക്കാനാകൂ എന്നും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനും ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യാനുമൊക്കെയുള്ള നടപടി ക്രമങ്ങളിലേക്ക് കടക്കാനാകൂവെന്നും പ്രോസിക്യൂട്ടര്‍ വിമര്‍ശനം നേരിട്ട ഘട്ടത്തില്‍ പറഞ്ഞിരുന്നു. പൊലീസ് ഇതുവരെ ആ കോപ്പികള്‍ നല്‍കിയിട്ടില്ല. ഇതിന് കാലതാമസം നേരിടുകയാണെന്നുമായിരുന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞത്.
2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടമര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്.നാലു വര്‍ഷമായിട്ടും കേസിന്റെ വിചാരണ നടപടികള്‍ വൈകുന്നതില്‍ മധുവിന്റെ കുടുബം കടുത്ത അതൃപ്തിയിലാണ്. മുക്കാലി പൊട്ടിക്കല്‍ ഗുഹയില്‍ കഴിഞ്ഞിരുന്ന മധു 2018 ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്കും മര്‍ദനത്തിനും ഇരായായത്.
Story Highlights: madhu murder case public prosecutor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here