Advertisement

ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും

February 17, 2022
Google News 1 minute Read

ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതി നാളെയും തുടരും. നാളെ ഉച്ച തിരിഞ്ഞ് ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് ഹര്‍ജികള്‍ വീണ്ടും പരിശോധിക്കുക. ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്നാണ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിഷയത്തില്‍ ഒരു ഇടനിലക്കാരനെപ്പോലെ ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഹര്‍ജിയിലെ വാദം നാളെയും തുടരുന്നത്.

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഒരു ആക്റ്റിവിസ്റ്റ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി തള്ളി. കോടതിയുടെ ക്ഷമയെ പരീക്ഷിക്കുന്നുവെന്ന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ വിശാല ബെഞ്ച് തന്നെയാണ് നാളെയും കേസ് പരിഗണിക്കുക.

ഇടക്കാല ഉത്തരവ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നു. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചിരുന്നത്. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിനൊപ്പമുള്ള ഷാളുകള്‍ ശിരോവസ്ത്രമായി ഉപയോഗിക്കാനാകുമോ എന്ന കാര്യത്തിലുള്‍പ്പെടെ ഇടക്കാല ഉത്തരവില്‍ വ്യക്തത വരണമെന്നാണ് കോടതിക്കുമുന്നില്‍ ആവശ്യം ഉയര്‍ന്നത്.

ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള വിദ്യാര്‍ത്ഥി പ്രതിഷേധമാണ് നടന്നുവരുന്നത്. സ്‌കൂളുകള്‍ നേരത്തെ തുറന്ന പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങളുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കോളെജ് തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോളജുകള്‍ തുറന്നതോടെ വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍. വിവിധ മേഖലകളില്‍ പ്രതിഷേധമുണ്ടായി. ഉഡുപ്പി പിയു കോളജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തന്നെ തടയുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ ഹിജാബ് മാറ്റാന്‍ വിദ്യാത്ഥികള്‍ തയാറായിരുന്നില്ല. അവസാനം വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കി. ചിക്കമംഗ്ലൂര്‍ ശിവമോഗയിലും സമാനമായ സാഹചര്യമുണ്ടായി. പൊലീസ് എത്തിയാണ് ഇവിടെയും വിദ്യാര്‍ത്ഥികളെ മടക്കി അയച്ചത്.

Story Highlights: court hearing will continue tomorrow hijab row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here