സംഘര്‍ഷസാധ്യതകള്‍ ഉടന്‍ ലഘൂകരിക്കണം; റഷ്യയോട് നടപടികള്‍ കൈക്കൊള്ളണമെന്ന് യുഎസും ജര്‍മനിയും

റഷ്യ-ഉക്രൈന്‍ സംഘര്‍ഷ സാധ്യതകള്‍ ലഘൂകരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് മോസ്‌കോയോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ജര്‍മന്‍ ചാന്‍സലര്‍ ഒരാഫ് ഷോള്‍സും. ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സൈനികരെ പിന്‍വലിക്കാത്തതിന് പിന്നാലെയാണ് ലോകനേതാക്കന്മാരുടെ അഭ്യര്‍ത്ഥന.
ഉക്രൈനെതിരെ റഷ്യ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് ബൈഡനുമായുള്ള ഷോള്‍സിന്റെ ഫോണ്‍സംഭാഷണത്തിന് ശേഷം ജര്‍മന്‍ ചാന്‍സലര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സേനാ പിന്മാറ്റത്തിനും റഷ്യ മുന്‍കൈ എടുത്തേ മതിയാകൂ. ഉക്രൈനെതിരെ നടത്തുന്ന ഏതൊരു ആക്രമണവും ഗുരുതരമായ പ്രത്യാഘാതം വിളിച്ചുവരുത്തുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയെ കുറിച്ചും ഷോള്‍സും ബൈഡനും സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. ഉക്രൈനിലെ സ്ഥിതി അതീവ ഗൗരവതരമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി.
യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കുന്നതായി അവകാശപ്പെട്ടതിന് പിന്നാലെ ഈ വാദത്തെ തള്ളി നാറ്റോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതിര്‍ത്തിയില്‍ സൈനിക പിന്മാറ്റത്തിന്റെ ലക്ഷണങ്ങളില്ലെന്നും സൈന്യത്തിന്റെ അംഗബലം വര്‍ധിച്ചതായി സംശയിക്കുന്നുണ്ടെന്നും നാറ്റോ അറിയിച്ചു. അതിര്‍ത്തിയില്‍ നിന്ന് ഒരു വിഭാഗം സൈന്യത്തെ റഷ്യ പിന്‍വലിച്ചെന്ന് പറയുന്നെങ്കിലും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ അറിയിച്ചിട്ടുമുണ്ട്.
Read Also : കൊവിഡ് വാക്‌സിനെടുത്തില്ല; ന്യൂയോര്‍ക്കില്‍ മുനിസിപ്പല്‍ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടു
അതിര്‍ത്തിയില്‍ നിന്നും സൈന്യം പിന്‍വാങ്ങുന്നതായി തെളിയിക്കുന്ന ഒരു വിഡിയോ റഷ്യന്‍ ഭരണകൂടം പുറത്തുവിട്ടിരുന്നു. എന്നാല്‍ വിഡിയോയുടെ ആധികാരികതയേയും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സംശയിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി പടിഞ്ഞാറന്‍ ലോകം നേരിട്ടതില്‍ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് യുക്രൈനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നതെന്നാണ് നാറ്റോയുടെ വിലയിരുത്തല്‍.
Story Highlights: russia ukrain, america, germani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here