ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ല; കോളേജ് അദ്ധ്യാപിക രാജിവെച്ചു

ധരിച്ചിരിക്കുന്ന ഹിജാബ് നീക്കം ചെയ്ത ശേഷം മാത്രമേ ക്ലാസില്‍ പോകാന്‍ പാടുള്ളൂ എന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞതില്‍ പ്രതിഷേധിച്ച് അദ്ധ്യാപിക രാജിവച്ചു. കര്‍ണാടകയിലെ തുമാകുരു ജില്ലയിലെ സ്വകാര്യ കോളേജിലെ ഇംഗ്‌ളീഷ് അദ്ധ്യാപിക ചാന്ദിനി നാസാണ് രാജിവച്ചത്. കോളേജ് മാനേജമെന്റ് തന്റെ ആത്മാഭിമാനത്തെ ആക്രമിച്ചുവെന്നും അതിനാലാണ് ജോലി ഉപേക്ഷിച്ചതെന്നും തുടര്‍ന്ന് പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ചാന്ദിനി വ്യക്തമാക്കി.
ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ ക്‌ളാസുകളും പരീക്ഷകളും ബഹിഷ്‌കരിക്കുന്ന കര്‍ണാടകയില്‍ ഇതേ പ്രശ്‌നത്തിന്റെ പേരില്‍ ഒരു അദ്ധ്യാപിക ജോലി രാജിവയ്ക്കുന്നത് ആദ്യത്തെ സംഭവമാണ്. മത സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണെന്നും അത് ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും രാജിക്കത്തില്‍ ചാന്ദിനി പറയുന്നുണ്ട്. കര്‍ണാടക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹിജാബ് ഉപേക്ഷിക്കാന്‍ തങ്ങള്‍ അദ്ധ്യാപികയോട് ആവശ്യപ്പെട്ടതെന്നാണ് കോളേജ് പ്രിന്‍സിപ്പലിന്റെ വാദം.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
‘ഹിജാബ് ധരിച്ചാണ് അവര്‍ പതിവായി ക്ലാസില്‍ പോകുന്നത്. കോടതി ഉത്തരവ് വന്നതിനുശേഷം ഹിജാബ് അഴിച്ചുവച്ച് ക്ലാസില്‍ പോകാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അതിനാലാണ് ജോലി രാജിവച്ചത്. ഒരു അദ്ധ്യാപികയെ ഹിജാബ് ധരിച്ച് പഠിപ്പിക്കാന്‍ അനുവദിച്ചാല്‍ വിദ്യാര്‍ത്ഥികളും അത് പിന്തുടരുമെന്ന് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. കോളേജില്‍ എത്തുന്ന ആര്‍ക്കും ഹിജാബ് ധരിക്കാന്‍ നിലവിന്‍ അനുവാദമില്ല’. കോളേജ് പ്രിന്‍സിപ്പാള്‍ മഞ്ജുനാഥ് വ്യക്തമാക്കി.
കര്‍ണാടകയിലെ ഹിജാബ് നിരോധനത്തെ പിന്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഒരു കോളേജും ഹിജാബിന് നിരോധനമേര്‍പ്പെടുത്തി. അലിഗഡിലെ ഡിഎസ് കോളേജിലാണ് വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
ഹിജാബ് നിരോധനത്തിനെതിരെ കര്‍ണാടകയിലുടനീളം വലിയ രീതിയിലുള്ള വിദ്യാര്‍ത്ഥി പ്രതിഷേധമാണ് നടന്നുവരുന്നത്. സ്‌കൂളുകള്‍ നേരത്തെ തുറന്ന പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങളുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കോളെജ് തുറക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ കോളജുകള്‍ തുറന്നതോടെ വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍. വിവിധ മേഖലകളില്‍ പ്രതിഷേധമുണ്ടായി. ഉഡുപ്പി പിയു കോളജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തന്നെ തടയുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ ഹിജാബ് മാറ്റാന്‍ വിദ്യാത്ഥികള്‍ തയാറായിരുന്നില്ല. അവസാനം വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കി. ചിക്കമംഗ്ലൂര്‍ ശിവമോഗയിലും സമാനമായ സാഹചര്യമുണ്ടായി. പൊലീസ് എത്തിയാണ് ഇവിടെയും വിദ്യാര്‍ത്ഥികളെ മടക്കി അയച്ചത്.
Story Highlights: Hijab was not allowed in class; College teacher resigns
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here