Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (18/02/22)

February 18, 2022
2 minutes Read
Headlines today Feb (18)
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഹകരണസംഘങ്ങൾക്ക് കെഎസ്ഇബി ഭൂമി കൈമാറിയത് നടപടിക്രമങ്ങൾ പാലിക്കാതെ

സഹകരണസംഘങ്ങൾക്ക് കെഎസ്ഇബി ഭൂമി കൈമാറിയത് നടപടിക്രമങ്ങൾ പാലിക്കാതെ. ഇടുക്കിയിൽ പത്തു സ്ഥലങ്ങളിലായി കൈമാറിയ ഭൂമികളിൽ പലതും സർക്കാരിൻറെയും കെഎസിഇബി ഫുൾ ബോർഡിൻറെയും അനുമതിയില്ലാതെയാണ്. ആനയിറങ്കൽ അണക്കെട്ടിൽ ഭൂമി കൈവശപ്പെടുത്തിയത് കടലാസ് സൊസൈറ്റിയാണ്. ( kseb land issue )

നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ഇറങ്ങിപ്പോയി

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഭയിലെത്തിയതോടെ ‘ഗോ ബാക്ക്’ മുഴക്കിയ പ്രതിപക്ഷം ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെയാണ് ഇറങ്ങിപ്പോയത്. ( opposition boycott governor policy address )

6,500 കോടിയുടെ ജിഎസ്ടി വിഹിതം ലഭിച്ചില്ല’; കേന്ദ്രത്തെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്രം നൽകേണ്ട 6,500 കോടിയുടെ ജിഎസ്ടി വിഹിതം ലഭിച്ചില്ലെന്ന് ഗവർണർ. ( governor criticizes central govt ). സാമ്പത്തിക പ്രതിസന്ധി കാലത്ത് സഹായിക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. കേന്ദ്രസർക്കാർ നയമാണ് സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. ഫിനാൻസ് കമ്മീഷൻ അംഗീകരിച്ച വിഹിതവും ലഭിച്ചില്ലെന്നും കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയായിരുന്നുവെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

രാജ്യത്ത് കാല്‍ലക്ഷത്തോളം പ്രതിദിന കൊവിഡ് കേസുകള്‍

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും കുറയുന്നു. 24 മണിക്കൂറിനിടെ 25,920 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,27,80,235 ആയി. 98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പുതിയ 492 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 5,10,905 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,254 പേരാണ് രോഗമുക്തി നേടിയത്. ആകെ എണ്ണം 4,19,77,238ലേക്കെത്തി.

ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന് പ്രതിപക്ഷം കണക്കുകൂട്ടി, പക്ഷേ സര്‍ക്കാര്‍ അവസരമൊരുക്കിയില്ല: എ കെ ബാലന്‍

നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനുനേരെ പരിഹാസവുമായി മുന്‍മന്ത്രി എ കെ ബാലന്‍. ഗവര്‍ണറുടേത് ബാലിശമായ നടപടിയായി മാത്രം കണ്ടാല്‍ മതിയെന്നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം എ കെ ബാലന്‍ പ്രതികരിച്ചത്. ഇടയ്ക്കിടെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണുക എന്നത് ഗവര്‍ണറുടെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ; സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീൽ മാറ്റി

സിൽവർ ലൈൻ തടഞ്ഞ സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീൽ മാറ്റി. വിശദമായ ഉത്തരവിനായാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ മാറ്റിയത്. സർവേ തടഞ്ഞ രണ്ടാമത്തെ ഇടക്കാല ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബെഞ്ച് പരാമർശിച്ചു. രാവിലെ കേസ് പരിഗണിച്ചപ്പോൾ തന്നെ അഡ്വക്കേറ്റ് ജനറൽ തന്റെ അതൃപ്തി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷൻ ബെഞ്ച് കേസിൽ വിധി പറയാൻ മാറ്റിയ കാര്യം സിംഗിൾ ബെഞ്ചിനെ അറിയിച്ചിരുന്നു. സർക്കാരിന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ സിംഗിൾ ബഞ്ച് ഉത്തരവിറക്കിയതെന്നും എജി ആരോപിച്ചു.

കിഴക്കമ്പലത്ത് സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ യുവാവ് മരിച്ചു

കിഴക്കമ്പലത്ത് സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ യുവാവ് മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ.ദീപു(38) ആണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മര്‍ദിച്ചത്.

അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസില്‍ 38 പേര്‍ക്ക് വധശിക്ഷ, രാജ്യത്തെ അത്യപൂര്‍വ വിധി

അഹമ്മദാബാദ് ബോംബ് സ്‌ഫോടനക്കേസില്‍ 38 പേര്‍ക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേക കോടതിയുടെ അത്യപൂര്‍വ വിധി. പ്രത്യേക ജഡ്ജി എ.ആര്‍. പട്ടേലാണ് വിധി പറഞ്ഞത്. 2008 ജൂലൈ 26നായിരുന്നു ബോംബ് സ്‌ഫോടനമുണ്ടായത്. കേസില്‍ 4 മലയാളികള്‍ ഉള്‍പ്പടെ 78 പേര്‍ വിചാരണ നേരിട്ടതില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

അഹമ്മദാബാദ് ബോംബ് സ്ഫോടനക്കേസ്; വധശിക്ഷ ലഭിച്ചവരില്‍ മൂന്ന് മലയാളികളും

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് ബോംബ് സ്ഫോടനക്കേസില്‍ അഹമ്മദാബാദ് പ്രത്യേക കോടതി 38 പേര്‍ക്ക് വധശിക്ഷ വിധിച്ചതില്‍ 3 പേര്‍ മലയാളികള്‍. ഈരാറ്റുപേട്ട സ്വദേശി ഷാദുലി, സഹോദരന്‍ ഷിബിലി, കൊണ്ടോട്ടി സ്വദേശി ഷറഫുദ്ദീന്‍ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ ലഭിച്ചത്. ഷാദുലിക്കും ഷിബിലിക്കും വാഗമണ്‍ കേസിലും നേരത്തേ ശിക്ഷ ലഭിച്ചിരുന്നു. മറ്റൊരു മലയാളിയായ ആലുവ സ്വദേശി മുഹമ്മദ് അന്‍സാരിക്ക് മരണം വരെ ജീവപര്യന്തം കഠിന തടവാണ് ലഭിച്ചത്.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement