Advertisement

‘സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ വഴങ്ങരുത്’; ആലങ്കാരികമായി മാത്രം ഗവര്‍ണര്‍ പദവി വേണ്ടെന്ന് കാനം രാജേന്ദ്രന്‍

February 19, 2022
Google News 1 minute Read

സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ വഴങ്ങാന്‍ പാടില്ലെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. ഈ നിലപാട് സി പി ഐ ഇന്നലെത്തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിസഭ പാസാക്കുന്ന നയപ്രഖ്യാപനം വായിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ രാജിവെച്ച് പോകേണ്ടിവരുമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നല്ല ആലങ്കാരികമായി ഈ പദവി തന്നെ വേണ്ട എന്ന നിലപാടാണ് സി പി ഐയ്ക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കാനം മറുപടി പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമന വിഷയത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത് എക്‌സിക്യൂട്ടീവിന്റെ അധികാരപത്തില്‍പ്പെട്ട കാര്യങ്ങളാണെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ചയിലെ യാത്രയിലുള്‍പ്പെടെ ഗവര്‍ണര്‍ ചെലവാക്കിയ പണത്തിന്റെ കണക്ക് ഞങ്ങള്‍ ചോദിച്ചില്ലല്ലോ. വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചാല്‍ ഇതിന്റെ വിവരങ്ങള്‍ ലഭിക്കുമെന്നും കാനം പറഞ്ഞു.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനെതിരെ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി റിക്രൂട്ട്‌മെന്റാണ് നടക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചത്. രാജ്ഭവനെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു. രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു. സര്‍ക്കാരിന് അതിന് യാതൊരു അവകാശവുമില്ലെന്നും തനിക്ക് ഉത്തരം പറയാനുള്ള ബാധ്യത രാഷ്ട്രപതിയോട് മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നുവെന്ന വിമര്‍ശനമാണ് ഇന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുകയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. പൊതുജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ എന്ന രീതിയെയാണ് താന്‍ ഏറ്റവുമധികം എതിര്‍ത്തത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ജ്യോതിലാലിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. തന്റെ നിലപാടുകൡ നിന്ന് പിന്നോട്ടുപോകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനുനേരെ കടുത്ത ഭാഷയിലാണ് ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചത്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം ഉമ്മന്‍ ചാണ്ടിയില്‍ നിന്നും രമേശ് ചെന്നിത്തലയില്‍ നിന്നുമെല്ലാം പഠിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ബാലിശമായി പെരുമാറുന്നുവെന്ന് വിമര്‍ശനം ഉന്നയിച്ച മുന്‍ മന്ത്രി എ കെ ബാലനെതിരെ അതേ നാണയത്തില്‍ത്തന്നെ ഗവര്‍ണര്‍ തിരിച്ചടിച്ചു. മുന്‍മന്ത്രി ബാലിശമായി പെരുമാരുന്നുവെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

Story Highlights: kanam rajendran slams governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here