Advertisement

മകനെ ക്രൂരമായി മര്‍ദിച്ചത് എന്റെ കണ്‍മുന്നില്‍; പൊട്ടിക്കരഞ്ഞ് ദീപുവിന്റെ പിതാവ്

February 20, 2022
Google News 2 minutes Read
deepu muder

കിഴക്കമ്പലത്ത് ട്വന്റി-ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ ദീപുവിനെ മര്‍ദിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്ന് പിതാവ് കുഞ്ഞാറു ട്വന്റിഫോറിനോട്. പ്രതികളെ ഭയന്നാണ് പരുക്കേറ്റ മകനെ ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നത്. മകനെ മര്‍ദിക്കുന്നതിനൊപ്പം കൊന്നുകളയുമെന്ന് ആക്രമണം നടത്തിയവര്‍ പറഞ്ഞെന്നും പിതാവ് വ്യക്തമാക്കി.

‘സംഭവ ദിവസം ഭാര്യയെയും കൂട്ട മകളുടെ വീടിനടുത്തുള്ള അമ്പലത്തില്‍ വഴിപാട് കഴിപ്പിക്കാനായി പോയതായിരുന്നു. വരുമ്പോഴാണ് വഴിയില്‍ ഒച്ചപ്പാടെല്ലാം കേള്‍ക്കുന്നത്. ഞാനോടിച്ചെന്നപ്പോള്‍ മകനെ അവര്‍ മതിലിനോട് ചേര്‍ത്ത് പിടിച്ച് മര്‍ദിക്കുകയാണ്. തീര്‍ത്തുകളയും എന്നവര്‍ പറയുന്നുണ്ടായിരുന്നു. ഞാന്‍ ഓടിച്ചെന്ന് പിടിച്ചുമാറ്റി. നാലോ അഞ്ചോ പേരുണ്ടായിരുന്നു അവര്‍.

അവരെ പേടിച്ചാണ് ആശുപത്രിയിലേക്ക് പോലും പോകേണ്ടെന്ന് ഞാന്‍ പറഞ്ഞത്. അതിന് പിറ്റേന്ന് ആ ദേഷ്യത്തില്‍ അവനെന്നോട് മിണ്ടിയില്ല. ഭക്ഷണം പോലും കഴിച്ചില്ലെന്ന് തോന്നുന്നു. എനിക്ക് ഹാര്‍ട്ടിന് അസുഖമുണ്ട്. മകളെയും കൂട്ടി തിങ്കളാഴ്ച ആശുപത്രിയില്‍ പോയി വന്നപ്പോള്‍, മകനും അവന്റെ അമ്മയുമായി തര്‍ക്കമുണ്ടായി. ഞാന്‍ അവനെ ആശുപത്രിയില്‍ വിട്ടില്ലെന്നാണ് അവന്‍ റഞ്ഞത്. ആശുപത്രിയില്‍ പോയാല്‍ രക്ഷപെടുമായിരുന്നു എന്നും അവര്‍ പറഞ്ഞു. അപ്പോള്‍ തന്നെ ഒരു ഓട്ടോറിക്ഷ വിളിച്ച് ഞാനവനെ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. പിന്നെ എന്റെ മകനെ ഞാന്‍ കണ്ടിട്ടില്ല’. പിതാവ് പ്രതികരിച്ചു.

കൊല്ലപ്പെട്ട ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്നലെ പുറത്തു വന്നിരുന്നു. തലയോട്ടിയിലെ ക്ഷതം മരണകാരണം ആയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിക്ക് പിറകില്‍ രണ്ടിടങ്ങളില്‍ ക്ഷതം ഉള്ളതായി കണ്ടെത്തി. ക്ഷതമേറ്റ അതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചു. കരള്‍ രോഗവും മരണത്തിന് ആക്കംകൂട്ടി. ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തധമനികളില്‍ പൊട്ടല്‍ ഉണ്ടായി. കരള്‍രോഗം ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നും പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പറയുന്നത്.

Read Also : കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന കേസിന് പിന്നിൽ പകപോക്കൽ : സാബു ജേക്കബ്

അതേസമയം ദീപുവിന്റെ മരണത്തില്‍ വലിയ ഗൂഡാലോചന നടക്കുന്നുണ്ടെന്നാണ് ട്വന്റി-20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ പ്രതികരണം. ദീപുവിനും കുടുംബത്തിനും നീതി കിട്ടിയില്ല. കേസിലെ പ്രതികളെ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍ രക്ഷപെടുത്തും. ദീപുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും സാബു ജേക്കബ് വ്യക്തമാക്കി. അതേസമയം ദീപുവിന്റെ സംസ്‌കാരം ചടങ്ങില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Story Highlights: deepu muder, twenty-twenty, cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here