‘ജനസേവനത്തിന്റെ ധര്‍മ്മം മറന്നു’; ബിജെപി പ്രവര്‍ത്തിക്കുന്നത് ബിസിനസുകാര്‍ക്ക് വേണ്ടിയെന്ന് പ്രിയങ്കാ ഗാന്ധി

രാജ്യത്തെ സമസ്ത വിഭാഗങ്ങളിലും ഉള്‍പ്പെട്ട ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്വവും രാജധര്‍മ്മവും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മറന്നതായി പ്രിയങ്കാ ഗാന്ധി. റായ്ബറേലിയിലെ ജഗത്പുര്‍ പ്രദേശത്തെ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പ്രിയങ്ക കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ജാതിയും മതവും പറഞ്ഞ് വോട്ടുനേടുന്നവരെ ജനം അകറ്റി നിര്‍ത്തണമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മതമെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം വോട്ടുനേടാനുള്ള വെറുമൊരു ഉപകരണം മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രിയങ്കാ ഗാന്ധിയുടെ വിമര്‍ശനം. ജനസേവനം എന്ന മതത്തേയും മൂല്യത്തേയും ബിജെപി മറന്നു. വന്‍കിട ബിസിനസുകാരുടെ താല്‍പര്യത്തിന് അനുസരിച്ച് മാത്രമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രിയങ്ക ആഞ്ഞടിച്ചു.
ഗ്യാസിനും മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുതിച്ചുയരുകയാണെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. വിലക്കയറ്റത്തിന് അനുസരിച്ച് വരുമാനത്തില്‍ വര്‍ധനയുണ്ടാകുന്നില്ല. നിങ്ങളുടെ ഒരു ദിവസത്തെ കൂലി 200 രൂപയാകാം. ഒരു കുപ്പി കടുകെണ്ണയ്ക്ക് 250 രൂപ നല്‍കേണ്ടി വരുന്ന അവസ്ഥ പാവപ്പെട്ടവരെ സംബന്ധിച്ച് ഭീകരമാണെന്നും പ്രിയങ്ക പറഞ്ഞു. തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മൂടി വെക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ മതവികാരത്തെ ഉപയോഗിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അതേസമയം 2014-2017 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പരിവാര്‍വാദികള്‍ തന്നെ അനുവദിച്ചില്ലെന്ന വിമര്‍ശനമാണ് ഉത്തര്‍ പ്രദേശിലെ പ്രചരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചത്. താന്‍ യുപിയില്‍ നിന്നുള്ള എംപിയാണ്. പക്ഷേ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ അനുവദിച്ചില്ല. അത്തരക്കാരെ തെരഞ്ഞെടുത്താല്‍ വീണ്ടും അവര്‍ ജനസേവനത്തിന് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് വര്‍ഷം മുമ്പ് യുപിയില്‍ മാഫിയകളെ ഭയന്ന് കച്ചവടക്കാര്‍ വ്യാപാരം ചെയ്യാന്‍ ഭയന്നിരുന്നു. പിടിച്ചുപറിയും കവര്‍ച്ചയും അക്കാലത്ത് സാധാരണമായിരുന്നു. തെരഞ്ഞെടുപ്പില്‍ ദയനീയമായി തോല്‍ക്കുന്ന ഈ ‘പരിവാര്‍വാദികള്‍’ ഇനി ജാതിയുടെ പേരില്‍ വിഷം ചീറ്റും. ഇത്തരക്കാര്‍ അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യും. എന്നാല്‍ ബിജെപിയുടെ ലക്ഷ്യം യുപിയുടെ വികസനം, ഒപ്പം രാജ്യത്തിന്റെ വികസം എന്നതാണെന്നും മോദി പറഞ്ഞു.
Story Highlights: priyanka gandhi slams bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here